ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി  ജോസ് കെ.മാണിയുടെ ഭാര്യയുടെ പുസ്തകം

കോട്ടയം- സോളാറും സരിതയും കത്തിപ്പടർന്നപ്പോൾ രാഷ്ട്രീയ നേതാവിന്റെ കുടുംബം ഉരുകിയ നിമിഷങ്ങൾ. തീവണ്ടി യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ ദുരുദ്ദേശ്യത്തോടെയുളള സമീപനം. കെ.എം മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ മരുമകളുടെ പുസ്തകത്തിൽ വിവാദത്തിന് ഏറെ വഴിമരുന്നുകൾ. ദ അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന നിഷ ജോസ് കെ.മാണിയുടെ പുസ്തകം ഇന്നലെ പ്രകാശനം ചെയ്തു. കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സോളാർ, സരിത, ബാർ കോഴ വിവാദവും കരിങ്ങോഴയ്ക്കൽ കുടുംബത്തിൽ നിഴൽ പരത്തിയതും പുസ്തകത്തിലുണ്ട്, സോളാർ കേസിൽ ജോസ് കെ.മാണിക്കും പങ്കുണ്ടെന്ന ആരോപണം ചാനലുകളിൽ ഫഌഷായപ്പോഴാണ് കുടുംബം ആകെ പകച്ചത്. ഭർത്താവിനെ നന്നായി അറിയാമെങ്കിലും വാർത്തക്കു പിന്നിലെ രാഷ്ട്രീയമറിയാത്തവർ വളഞ്ഞു കുത്തി നോവിച്ചു. മകളുടെ സുഹൃത്ത് മകളോട് തന്റെ അപ്പന് സരിതയെ അറിയാമല്ലേയെന്ന് ചോദിച്ചപ്പോൾ മകൾ കരഞ്ഞുകൊണ്ടു വീട്ടിലെത്തി.
സ്‌കൂളിൽ മക്കളുടെ ഗ്രൂപ്പ് ചർച്ചകൾക്ക് സോളാർ വിഷയങ്ങൾ മനഃപൂർവം എടുത്തത് മറ്റൊരു വേദനയായി. സോളാർ സംബന്ധിച്ച വാർത്തകൾ കാണിക്കാതെ കുട്ടികളെ മാറ്റി. ഇതിനിടെ വാർത്തയുമായി അയൽവാസി രംഗത്തെത്തിയപ്പോൾ തങ്ങൾ എല്ലാവരും കുട്ടികളോടൊപ്പം ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലിസ്റ്റിൽ ഭർത്താവിന്റെ പേര് ഉണ്ടെന്ന് അതിരറ്റ സന്തോഷത്തോടെ പറഞ്ഞപ്പോൾ കുട്ടികളെ അവിടെ നിന്നും മാറ്റി. പിന്നീട് ഒരാഴ്ചത്തേക്ക് കുട്ടികളെ ടി.വി കാണിച്ചില്ല. ശത്രുവാകുന്ന അയൽക്കാരൻ കുടുംബത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നു ബോധ്യമായപ്പോഴാണു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇടാൻ നിർബന്ധിതയായത്. 
ഇതിനിടെ കുടുംബത്തെ തമ്മിലടിപ്പിക്കാൻ കോട്ടയത്തെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ശ്രമിച്ചു. കെ.എം മാണിയുടെ സമ്പാദ്യം പെൺമക്കൾക്ക് കൊടുക്കുകയാണെന്നും തനിക്ക് അതിന് അമർഷമുണ്ടെന്നുമുള്ള വാർത്ത പ്രചരിപ്പിച്ച നേതാവിനോട് അത് നേരിട്ടു തന്നെ ചോദിച്ചു. പിന്നീട് ഒരു സമ്മേളനത്തിൽ വെച്ച് ഇയാളോട് ഇതേപ്പറ്റി തിരക്കിയപ്പോൾ സമ്മേളന സ്ഥലത്തുനിന്നും തലവേദനയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയെന്നും സൂചിപ്പിച്ചിട്ടുണ്ട്. മകൾ സ്‌കൂളിൽ പുതിയ ചെരുപ്പുമായി പോയപ്പോൾ വല്യപ്പച്ചൻ ബജറ്റ് വിറ്റ് ലഭിച്ചതു കൊണ്ടാണോ ചെരുപ്പ് വാങ്ങിയതെന്ന് കുട്ടിയോട് ചോദിച്ചതും ഏറെ വേദനയുണ്ടാക്കി. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയതിനു ശേഷമുള്ള കൊച്ചു കൊച്ചു അനുഭവങ്ങളുടെ സമാഹാരമാണ് പുസ്തകം. 1993 നവംബർ 14 നായിരുന്നു വിവാഹം ഉറപ്പിച്ചത്. അന്നു മുതൽ കുത്തിക്കുറിച്ചതൊക്കെയാണ് പുസ്തകത്തിലുള്ളത്. 59 അധ്യായങ്ങളിലായി ഇംഗ്ലീഷിലാണ് പുസ്തകം. മലയാളം പതിപ്പും ഉടൻ പുറത്തിറക്കും. തീവണ്ടി യാത്രയ്ക്കിടെ ദുരുദ്ദേശ്യത്തോടെ പിൻസീറ്റിലിരുന്ന് സ്പർശിച്ച നേതാവിനെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ട്രെയിനിൽ കയറിയ ഉടനെ തന്റെ സീറ്റിൽ ഇരുന്നു. ഉറങ്ങാൻ ആഗ്രഹിച്ച തനിക്ക് ഇയാളുടെ സാന്നിധ്യം ബുദ്ധിമുട്ടായി. ഇയാളെ മാറ്റാൻ ടി.ടി.ആറിനെ സമീപിച്ചെങ്കിലും പിതാവിന്റെ പേര് പറഞ്ഞപ്പോൾ അയാളുടെ സ്വഭാവമാണെങ്കിൽ തനിക്ക് ഇടപെടാൻ സാധിക്കുകയില്ലെന്ന് പറഞ്ഞ് പിൻവാങ്ങി.  
 

Latest News