കൊണ്ടോട്ടി- ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾക്ക് പിന്നാലെ തുടർച്ചയായി എൻജിൻ തകരാറിലാകുന്ന സ്‌പൈസ് ജെറ്റ് വിമാനങ്ങളും സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) നിരീക്ഷണത്തിൽ. കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടു തവണയാണ് സ്‌പൈസ് ജെറ്റ് വിമാനം എൻജിൻ തകരാറിലായതിനെ തുടർന്ന് റദ്ദാക്കിയത്. ഇതിന് പുറമെ വൈമാനിക മദ്യപിച്ചതിനെ തുടർന്നും സർവ്വീസ് റദ്ദാക്കേണ്ടിവന്നു.
ബുധനാഴ്ച മംഗ്ലൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയരാനായി റൺവേയിലേക്ക് നീങ്ങിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എൻജിനിൽനിന്ന് പുക ഉയർന്നതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്. ചെന്നൈയിൽ നിന്ന് ഫെബ്രുവരി 9ന് ദില്ലിക്ക് പുറപ്പെട്ട വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചും സർവ്വീസ് റദ്ദാക്കിയിരുന്നു. ജനുവരിയിലാണ് മംഗ്ലൂരുവിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിന്റെ പൈലറ്റ് തുർക്കി സ്വദേശിനി മദ്യപിച്ചതിനെത്തുടർന്ന് സർവീസ് വൈകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 4ന് സ്‌പൈസ് ജെറ്റിന്റെ വിമാനം കരിപ്പൂരിൽ ലാന്റിഗിനിടെ തെന്നിമാറി വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ചെന്നൈയിൽ നിന്നെത്തിയതായിരുന്നു വിമാനം.
സാമ്പത്തിക വർഷത്തിലെ വിമാന സർവീസുകളുടെ സുരക്ഷ കണക്കെടുപ്പിലാണ് സ്‌പൈസ് ജെറ്റ് വിമാനങ്ങൾ എൻജിൻ തകരാർ കൂടുതലുളളതായി കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വിമാനങ്ങൾ ഡി.ജി.സി.എ നിരീക്ഷിച്ചുവരുന്നത്. എൻജിൻ തകാർ മുൻനിർത്തി ഇൻഡിഗോ എയറിന്റെ എട്ടും, ഗോ എയറിന്റെ മൂന്നും വിമാനങ്ങൾ നിർത്തണമെന്നാണ് കഴിഞ്ഞ ദിവസം ഡി.ജി.സി.എ നിർദേശം നൽകിയത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുളള 65 വിമാന സർവീസുകളാണ് ഇരു വിമാന കമ്പനികളും റദ്ദാക്കിയത്. പറക്കലിനിടയിൽ തകരാർ കണ്ടെത്തുന്ന വിമാനങ്ങൾ എന്ന പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌പൈസ് ജെറ്റ് വിമാനങ്ങൾക്കും എൻജിൻ തകരാറാണ് വില്ലനാകുന്നത്.
അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നിയുടെ (പിഡബ്ലിയു) എൻജിൻ ഘടിപ്പിച്ച ഇൻഡിഗോ എയർ, ഗോ എയർ വിമാനങ്ങൾക്കാണ് അടിക്കടി തകരാറുളളതെന്ന് ഡി.ജി.സി.എ കണ്ടെത്തിയത്. പ്രാദേശിക സർവീസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ചെറു വിമാനങ്ങൾ കൂടി വാങ്ങി സ്‌പൈസ് ജെറ്റ് സർവീസ് വർധിപ്പിക്കാനൊരുങ്ങുമ്പോഴാണ് നിലവിലുളള വിമാനങ്ങൾക്ക് എൻജിൻ തകരാർ കണ്ടെത്തുന്നത്.