റിയാദ് - വിദേശികളില്‍ ഒരാളുടെ പേരിലുള്ള ഹുറൂബ് നിയമ വിരുദ്ധ മാര്‍ഗത്തില്‍ നീക്കം ചെയ്യാന്‍ മധ്യവര്‍ത്തിയായ വിദേശിക്ക് 11,000 റിയാല്‍ കൈക്കൂലി നല്‍കുന്നതിനിടെ രണ്ടു വിദേശികള്‍ പിടിയിലായതായി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
പതിനഞ്ച് അഴിമതി കേസുകളില്‍ സ്വദേശികളും വിദേശികളും അടക്കം 25 പ്രതികളെ സമീപ കാലത്ത് അറസ്റ്റ് ചെയ്തതായി കമ്മീഷന്‍ വെളിപ്പെടുത്തി. 3,60,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച് നിയമ വിരുദ്ധമായി പ്രമാണങ്ങളില്‍ തിരുത്തലുകള്‍ വരുത്തിയ മുന്‍ നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനും നിലവില്‍ ജനറല്‍ കോടതി ഉദ്യോഗസ്ഥനുമായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമ വിരുദ്ധമായി പ്രമാണം അനുവദിക്കാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച മറ്റൊരു വ്യവസായി മുഖേന ജഡ്ജിക്ക് അഞ്ചു ലക്ഷം റിയാല്‍ കൈക്കൂലി നല്‍കിയ വ്യവസായിയെയും അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രതികളായ ജഡ്ജിയും മധ്യവര്‍ത്തിയായ വ്യവസായിയും മറ്റു അഴിമതി കേസുകളില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കൈക്കൂലി സ്വീകരിച്ച് സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ കൂട്ടുനിന്ന സബ്ഗവര്‍ണറേറ്റിലെ മര്‍കസ് ഉപമേധാവിയും ഈ മര്‍കസിലെ കൈയേറ്റ സമിതി പ്രസിഡന്റും മറ്റു രണ്ടു സൗദി പൗരന്മാരും അറസ്റ്റിലായ കൂട്ടത്തിലുണ്ട്. സൗദി പൗരന്മാര്‍ക്ക് വീടുകള്‍ വെക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലങ്ങള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് അവരറിയാതെ വില്‍പന നടത്തുകയും നിയമ വിരുദ്ധമായി 55 സൗദി പൗരന്മാര്‍ക്ക് സൗജന്യമായി ഭൂമി അനുവദിക്കുകയും ചെയ്ത നഗരസഭയിലെ ബന്ധപ്പെട്ട വകുപ്പ് മുന്‍ മേധാവിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വില്‍പനക്കുള്ളതല്ലാത്ത സര്‍ക്കാര്‍ മരുന്നുകള്‍ നല്‍കുന്നതിനു പകരം സൗദി പൗരനോട് 40,000 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥനും ഈ മരുന്നുകള്‍ കൈമാറുന്നതിന് 68,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച മധ്യവര്‍ത്തികളായ സൗദി പൗരനും സര്‍ക്കാര്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥനും ഫാര്‍മസിസ്റ്റും അറസ്റ്റിലായി. നേരത്തെ നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ട വിദേശി 40,000 റിയാല്‍ കൈക്കൂലി നല്‍കി വിമാന മാര്‍ഗം സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. വനിതാ രോഗികളില്‍ ഒരാളുടെ ഓപ്പറേഷന്‍ തീയതി നേരത്തെയാക്കുന്നതിനു പകരം 10,000 റിയാല്‍ കൈക്കൂലി സ്വീകരിക്കുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടറെയും കമ്മീഷന്‍ അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ അറസ്റ്റിലായ തന്നെ വിട്ടയക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന് 50,000 റിയാല്‍ കൈക്കൂലി വാഗ്ദാനം ചെയ്ത സൗദി പൗരനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവുമായി കരാര്‍ ഒപ്പുവെച്ച ഓഫീസില്‍ പിതാവിനെയും ബന്ധുക്കളെയും ജോലിക്കു വെക്കുകയും പിതാവ് ജോലിക്ക് ഹാജരാകാതെ പിതാവിന്റെ വേതനം കരാര്‍ കാലത്തു മുഴുവന്‍ അക്കൗണ്ടു വഴി സ്വീകരിക്കുകയും ചെയ്ത മന്ത്രാലയത്തിലെ പദ്ധതികാര്യ വിഭാഗം മേധാവിയും അറസ്റ്റിലായി.
സൗദി വനിതയുമായി ബന്ധപ്പെട്ട കേസ് നിയമ വിരുദ്ധമായി അവസാനിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനു പകരം 35,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥനും ആരോഗ്യ മന്ത്രാലയ വെയര്‍ഹൗസില്‍ നിന്ന് മരുന്നുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ മന്ത്രാലയ ഉദ്യോഗസ്ഥനും സൗദി പൗരന്റെ വീട്ടിലേക്ക് മലിനജല കണക്ഷന്‍ നല്‍കാന്‍ 5,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച, ദേശീയ ജല കമ്പനിയുമായി കരാര്‍ ഒപ്പുവെച്ച കമ്പനിയിലെ വിദേശ ജീവനക്കാരനും കൊറോണ വാക്‌സിന്‍ സ്വീകരിക്കാതെ ഇമ്മ്യൂണ്‍ സ്റ്റാറ്റില്‍ മാറ്റം വരുത്താന്‍ കൈക്കൂലി നല്‍കിയ രണ്ടു സൗദി പൗരന്മാരും പണം സ്വീകരിച്ച മറ്റു രണ്ടു സൗദി പൗരന്മാരും കൈക്കൂലി സ്വീകരിച്ച് രേഖകള്‍ നിയമ വിരുദ്ധമായി അറ്റസ്റ്റ് ചെയ്ത് നല്‍കിയ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥനും അറസ്റ്റിലായതായി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു.






