കോഴി ഇറച്ചിക്ക് വില തോന്നിയത്  പോലെ, സര്‍ക്കാര്‍ മയക്കത്തില്‍ 

കോഴിക്കോട്- ഒരു വര്‍ഷം മുമ്പ് കോഴി മാംസത്തിന് കിലോ ഗ്രാമിന് 130 രൂപയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ലോക്കല്‍ ഷോപ്പുകളില്‍ കോഴിമാംസം വില്‍ക്കുന്നത് 230 രൂപ നിരക്കിലാണ്. ഒരു കാരണവുമില്ലാതെ നിത്യേനയെന്നോണം പത്ത് രൂപ വീതം കൂട്ടിയാണ് ഈ ലെവലിലെത്തിയത്. ബ്രോയ്‌ലര്‍ കോഴിക്ക് പ്രത്യേകിച്ച് ക്ഷാമമൊന്നുമില്ല. വെറുതെ ഒരു രസത്തിന് വില അങ്ങ് കൂട്ടി. ഇതിങ്ങനെ കുതിച്ചുയര്‍ന്നാല്‍ ദിവസങ്ങള്‍ക്കം റമദാന്‍ നോമ്പ് തുടങ്ങും. അപ്പോള്‍ വില റോക്കറ്റ് പോലെ കുതിച്ചുയരുമെന്നാണ് മാംസം വാങ്ങാനെത്തുന്നവരുടെ ആശങ്ക. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ തീരെ ഇടപെടാത്തത് പകല്‍കൊള്ളയ്ക്ക് സൗകര്യവുമായി. മുമ്പ് ഡോ: തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ഇറച്ചി കോഴി വില നിയന്ത്രിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന് അതിവേഗ റെയിലുണ്ടാക്കുന്ന തിരക്കല്ലേയെന്ന് ഇടിയങ്ങര മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ബീരാന്‍ കോയ പറഞ്ഞു. മാത്തോട്ടത്തും മീഞ്ചന്തയിലും നിര്‍മാണം ആരംഭിച്ച വീടുകള്‍ തകര്‍ത്ത കെ.-റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും രോഷം പതഞ്ഞു പൊന്തി. തെക്ക് എവിടെയോ ബ്ലൗസ് കീറി വരെ കെ-  റെയിലിന് കല്ലിടുന്നുണ്ടെന്ന് മറ്റൊരു രസികന്‍ തട്ടിവിടുന്നതും കേള്‍ക്കാമായിരുന്നു. 
 

Latest News