ഭട്കല്‍- ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ വിധിക്കെതിരെ നിര്‍ബന്ധിതമായി കടകള്‍ അടപ്പിക്കാനും ബന്ദ് ആചരിക്കാനും ശ്രമിച്ചെന്നാരോപിച്ച് ഒരു അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കെതിരെ ഭട്കല്‍ പോലീസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അസീം അഹമ്മദ്, മൊഹിദ്ദീന്‍ അബീര്‍, ഷെരീഖ്, അഭിഭാഷകന്‍ തൈമൂര്‍ ഹുസൈന്‍ ഗവായ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപം), 290 (പൊതുജന ശല്യം) എന്നിവ പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കൂളുകളിലും കോളജുകളിലും യൂണിഫോം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍, കോളജ് വികസന സമിതികളെ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ മാര്‍ച്ച് 15 ചൊവ്വാഴ്ച കടകളും വ്യാപാര സ്ഥാപനങ്ങളും നിര്‍ബന്ധിതമായി അടപ്പിച്ചതായാണ് ആരോപണം.