കുഞ്ഞിനെ നോക്കി ഉറക്കമൊഴിയേണ്ടതല്ലേ, പ്രസവത്തിന് മുമ്പ് ഭര്‍ത്താവിന് മൂന്നര കോടിയുടെ കാര്‍ സമ്മാനിച്ച് യുവതി

ക്വാലാലംപൂര്‍- പ്രസവത്തിനുശേഷം തന്നെ ഉറക്കമൊഴിച്ച് പരിചരിക്കേണ്ട ഭര്‍ത്താവിന് യുവതിയുടെ വക ലംബോര്‍ഗിനി സമ്മാനം.
മലേഷ്യയിലാണ് ഗര്‍ഭിണിയായ യുവതി  ഭര്‍ത്താവിന്  രണ്ട് ദശലക്ഷം റിംഗിറ്റ്  (മൂന്ന് കോടി 65 ലക്ഷം രൂപ) വിലയുള്ള ലംബോര്‍ഗിനി വാങ്ങി സമ്മാനിച്ചത്.
അനസ് അയുനി ഉസ്മാനെന്ന 19 കാരിയാണ് പ്രസവിച്ച് കിടക്കാന്‍ പോകുന്നതിനു മുമ്പ് ഭര്‍ത്താവ് വില്‍ദാന്‍ ദുല്‍കിഫ്‌ലിക്ക് ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ വാങ്ങി നല്‍കി വിസ്മയിപ്പിച്ചത്. ഇരുപതുകാരനായ ഭര്‍ത്താവിന്റെ കണ്ണുകെട്ടി കാര്‍ ഷോറൂമിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ടിക് ടോക്കില്‍ പങ്കുവെച്ചു.
സമ്മാനത്തിന് നന്ദി പറയുന്നതിനിടയില്‍ ഭര്‍ത്താവ് പൊട്ടിക്കരഞ്ഞ് ഭാര്യയെ കെട്ടിപ്പിടിച്ചു.

വ്യവസായ സംരംഭകയായ അനസ് അയൂനി 2021 ഫെബ്രുവരിയിലാണ് വിവാഹിതയായത്. വിവാഹത്തിനുശേഷം അനുഗ്രഹങ്ങള്‍ കൂടി വരികയാണെന്നും അദ്ദേഹം തന്നെ നന്നായി നോക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.  ഗര്‍ഭകാലം കണക്കിലെടുത്ത് മികച്ച പരിചരണമാണ് നല്‍കുന്നതെന്നും  പ്രസവിച്ച ശേഷവും ഭര്‍ത്താവ് തന്റെ അരികില്‍ തന്നെ വേണമെന്നാണ് ആഗ്രഹമെന്നും അയൂനി ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് അവസാനത്തോടെയാണ്  പ്രസവം പ്രതീക്ഷിക്കുന്നത്. അതിനുശേഷം വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്നത് കണക്കിലെടുത്താണ്  സമ്മാനം നേരത്തെ വാങ്ങിതെന്നും അയൂനി പറഞ്ഞു.

കലന്താനിലെ കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് പ്രസവാനന്തരം 100 ദിവസമാണ് കിടക്കേണ്ടത്. ഭര്‍ത്താവും മൂന്ന് മാസം തന്റെ കുടുംബ വീട്ടില്‍ കഴിയണം. പ്രസവാനന്തര  തന്റെ കുഞ്ഞിനെയും ഭര്‍ത്താവ് നന്നായി പരിപാലിക്കുമെന്ന് ഉറപ്പാണെന്നും യുവതി പറഞ്ഞു.

 

Latest News