ബംഗളൂരു- കർണാടകയിലെ സർക്കാർ സ്‌കൂളുകളിൽ ശിരോവസ്ത്രം വിലക്കിയ ഹൈക്കോടതി തീരുമാനം വന്നതോടെ നിരവധി വിദ്യാർഥിനികളുടെ പഠനം പ്രതിസന്ധിയിൽ. കുട്ടികളിൽ പലരും സ്‌കൂൾ മാറുന്നതിനോ പഠനം നിർത്തുന്നതിനോ നിർബന്ധിക്കപ്പെടുകയാണെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉഡുപ്പിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള എം.ജി.എം കോളേജിലെ ഒരു വിദ്യാർത്ഥിനി ശിരോവസ്ത്രം അഴിക്കാൻ തീരുമാനിച്ചപ്പോഴുണ്ടായ അനുഭവം എൻ.ഡി.ടി.വിയോട് പറഞ്ഞു.
അതിങ്ങനെയാണ്.
എനിക്ക് വേറെ വഴിയില്ല. എനിക്ക് എന്റെ വിദ്യാഭ്യാസം വേണം. ഞാൻ ഹിജാബ് ധരിക്കാതെ എന്റെ സഹപാഠികളുടെ അരികിൽ ഇരിക്കുമ്പോൾ, ഒരു ഹിന്ദു വിദ്യാർത്ഥി എന്റെ അടുത്തേക്ക് നടന്നെത്തി എന്നോട് പറഞ്ഞു. നീ ഞങ്ങളിൽ ഒരാളാണ്. കഴിഞ്ഞ മൂന്നുവർഷമായി കോളേജിൽ ശിരോവസ്ത്രം അണിഞ്ഞെത്തുന്ന കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സന കൗസർ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയിരുന്നു. ഉത്തരവ് വന്നതോടെ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഹിജാബ് അഴിക്കണം.
പല വിദ്യാർത്ഥികളും പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സന പറഞ്ഞു. അഞ്ചോ ആറോ അവസാന വർഷ വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. നിരവധി വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചുവെന്നും പറഞ്ഞു.
അതേസമയം, ഹിജാബ് ഉപേക്ഷിക്കാൻ വിസമ്മതിച്ചവർ വിദ്യാർത്ഥികളല്ലെന്നും അവർ തീവ്രവാദ സംഘടനയുടെ ഏജന്റുമാരാണെന്നും ബി.ജെ.പി നേതാവ് യശ്പാൽ സുവർണ പറഞ്ഞു. 'ഇന്ത്യൻ ജുഡീഷ്യറിയെ അവർ മാനിക്കുന്നില്ലെങ്കിൽ, അവർക്ക് ഇന്ത്യയിൽ നിന്ന് പുറത്തുപോകാം. ഹിജാബ് ധരിക്കാൻ അനുവദിക്കുന്നിടത്ത് അവർക്ക് താമസിക്കാം,' അദ്ദേഹം കൂട്ടിച്ചേർത്തു.