ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതീക്ഷയായി അവതരിപ്പിക്കുന്ന തിരക്കിലാണ് ദേശീയ മാധ്യമങ്ങൾ. 2014 ൽ നരേന്ദ്രമോഡി പ്രധാനമന്ത്രിയായ കാലത്തു തന്നെ ദൽഹി മുഖ്യമന്ത്രിയായെത്തിയ പുതിയ പാർട്ടിയുടെ നായകനാണ് കെജ്‌രിവാൾ.
അടുത്തിടെ കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പഞ്ചാബിലെ ഭരണം കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മി പാർട്ടി നേടി. സാധാരണ വിജയമൊന്നുമല്ല ആപ്പിന് ലഭിച്ചത്. 117 സീറ്റുകളിൽ 92 എണ്ണവും ആം ആദ്മിക്കാണ് കിട്ടിയത്. കോൺഗ്രസ് ഭരിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്. ശക്തമായ ത്രികോണ മത്സരമായിരുന്നു പഞ്ചാബിൽ. അതിൽ 42 ശതമാനം വോട്ടുകളാണ് ആപ് നേടിയത്. കോൺഗ്രസ് 23 ശതമാനവും ശിരോമണി അകാലിദൾ 20.2 ശതമാനവും വോട്ടുകൾ കരസ്ഥമാക്കി. ശിരോമണി അകാലി ദൾ (എസ്എഡി) ബിജെപിയുടെ പഴയ സഖ്യകക്ഷിയായിരുന്നു. കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് എസ്എഡി ബിജെപിയുമായി പിരിഞ്ഞത്. കോൺഗ്രസ് സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരമാണ് യഥാർഥത്തിൽ ആപ്പിന് സൗകര്യമായത്. എസ്എഡിയെയും ബിജെപിയെയും അവർ ബദലായി കണ്ടില്ല. കോൺഗ്രസ് നേതൃത്വം പഞ്ചാബിൽ കാണിച്ച അബദ്ധം ഇപ്പോൾ അവർക്ക് തന്നെ മനസ്സിലായിട്ടുണ്ടെന്നത് വേറെ കാര്യം. ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റേണ്ട വല്ല കാര്യവുമുണ്ടായിരുന്നുവോ? അത് പോട്ടെ. ദൽഹിയിലെ ഭരണ മികവിന്റെ പേരിലാണ് ആം ആദ്മി പാർട്ടി ജനപ്രീതി കരസ്ഥമാക്കിയത്. കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി മാറി മാറി ഭരിച്ച പാർട്ടികളെ അപ്രസക്തമാക്കിയാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടി തരംഗം സൃഷ്ടിച്ചത്.
ബിജെപിക്ക് ബദലായി എഎപിയുടെ നേതൃത്വത്തിൽ ഒരു മുന്നണി എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുമോ എന്നുള്ളതാണ്. ഇത്രകാലം ദൽഹിയിൽ മാത്രമായി ഒതുങ്ങിയ ആം ആദ്മി പാർട്ടി പഞ്ചാബിലെ വൻ വിജയത്തോടെ നിർണായകമായ മുന്നേറ്റമാണ് നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിൽ പാർട്ടി അധികാരത്തിലെത്തിയ സാഹചര്യത്തിൽ ദൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കെജ്‌രിവാൾ പാർട്ടിയുടെ മുഴുവൻ സമയ നേതൃത്വം ഏറ്റെടുക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. വിശ്വസ്തനും ദൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ സാന്നിധ്യം ഇക്കാര്യത്തിൽ കെജ്‌രിവാളിന് ധൈര്യം നൽകുന്നതുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി വിതരണം എന്നിവയിലെല്ലാം മാറ്റം പ്രകടമായി. പോരാത്തതിന് വനിതകൾക്ക് ദൽഹിയിൽ സൗജന്യ യാത്രയും നടപ്പാക്കി. ഇതൊക്കെ പറ്റും ദൽഹി പോലൊരു വലിയ മുനിസിപ്പാലിറ്റിയിൽ. എന്നാൽ പഞ്ചാബ് താരതമ്യേന വലിയ സംസ്ഥാനമല്ലേ. അവിടെ ഇതു പോലെ ഭരണം നടത്തി തങ്ങളും യോഗ്യരാണെന്ന് തെളിയിക്കാൻ ആപ്പിന് സമയമുണ്ട്. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കെജ്‌രി പറ്റുമെന്ന് ഇപ്പോൾ തന്നെ പറയേണ്ട കാര്യമല്ല. അതെല്ലാം കാത്തിരുന്ന് കാണാം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചില സംസ്ഥാനങ്ങളിൽ ആം ആദ്മി ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പഞ്ചാബിലേത് പോലെ ആപ്പിന്റെ തേരോട്ടം കണ്ടേക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. ഭൂതകാലത്തിന്റെ ബാധ്യതകളൊന്നുമില്ലാത്ത ആം ആദ്മി പാർട്ടിക്ക് പുതിയ കാലത്തിന്റെ പാർട്ടി എന്ന വിശേഷണം വലിയ തോതിൽ ഗുണം ചെയ്യുന്നു. മധ്യവർഗ വിഭാഗവും ചെറുപ്പക്കാരുമാണ് ആം ആദ്മിയെ പിന്തുണക്കുന്നവർ. ഗോവയിൽ പോലും അഞ്ചു ശതമാനം വോട്ട് നേടിയ എഎപി ബിജെപിയുടെ സാധ്യത വർധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്ന് കാണാം.
ദൽഹി മോഡൽ ഭരണമാണ് പഞ്ചാബിലെ ജനങ്ങൾക്കു മുന്നിലും കെജ്‌രിവാൾ വാഗ്ദാനം ചെയ്തത്. എഎപി അധികാരത്തിലെത്തിയാൽ ഗുണനിലവാരമുള്ള സർക്കാർ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ കുറഞ്ഞ നിരക്കിൽ പഞ്ചാബിലെ ജനങ്ങൾക്കും ലഭ്യമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. ഉയർന്ന വൈദ്യുതി നിരക്കും വിദ്യാഭ്യാസവും ആരോഗ്യരംഗവും കൂടുതലും സ്വകാര്യവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തിലെ ജനങ്ങൾ കെജ്‌രിവാളിനൊപ്പം നിന്നുവെന്നതിൽ അതിശയിക്കേണ്ടതില്ല. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് യുവാക്കളും സ്ത്രീകളുമായ വോട്ടർമാരിൽനിന്നും വലിയൊരു പിന്തുണ ഇത്തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുനിന്നും അഴിമതിയെ വേരോടെ പിഴുതെറിയുമെന്ന വാഗ്ദാനം 'നിലവിലെ സംവിധാനം' മാറണമെന്ന് താൽപര്യമുള്ള യുവാക്കളിൽ പ്രതിധ്വനിച്ചു. നല്ല വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എഎപി അധികാരത്തിലെത്തിയാൽ തങ്ങൾക്ക് ലഭ്യമാകുമെന്ന് അവർ വിശ്വസിച്ചു. അതുപോലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്ദാനം സ്ത്രീകൾക്ക് ഏറെ ഇഷ്ടപ്പെട്ടു. അത്തരം ജനകീയ വാഗ്ദാനങ്ങൾ സാധാരണയായി ലംഘിക്കപ്പെടാറാണ് പതിവ്. എങ്കിലും സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ഇതിലൂടെ എഎപിക്ക് കഴിഞ്ഞു,
അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺഗസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിൽ തിരിച്ചെത്താമെന്ന മോഹം പാളിയെന്ന് മാത്രമല്ല, അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ പാർട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയിൽ ഇനി കോൺഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ്. രാജസ്ഥാനും ഛത്തീസ്ഗഢും കഴിഞ്ഞാൽ മൂന്ന് സംസ്ഥാനങ്ങളിൽ പാർട്ടി മുന്നണി സഖ്യത്തിന്റെ ഭാഗമായി അധികാരത്തിലുണ്ട്. ജാർഖണ്ഡ് മുക്തിമോർച്ചയുമായുള്ള സഖ്യത്തിൽ ജാർഖണ്ഡിലും ശിവസേന എൻസിപി സഖ്യത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും ഡിഎംകെ സഖ്യത്തിൽ തമിഴ്‌നാട്ടിലുമാണ് പാർട്ടിക്ക് അധികാരമുള്ളത്.
പാർട്ടി ഇപ്പോൾ വന്നു നിൽക്കുന്ന ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമായും ഗാന്ധികുടുംബത്തിന് തന്നെയാണ്. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികേന്ദ്രമായിട്ടും ഒന്നര പതിറ്റാണ്ടിലേറെയായി പാർട്ടി നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും കാണാൻ നേതൃത്വത്തിനായിട്ടില്ല. ഇപ്പോൾ അധികാരത്തിലുള്ള രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ തർക്കം രൂക്ഷമാണ്. മധ്യപ്രദേശിൽ കമൽനാഥുമായി ഇടഞ്ഞ ജ്യോതിരാതിദ്യ സിന്ധ്യ ബിജെപിയിൽ ചേർന്ന് കേന്ദ്ര മന്ത്രിയായി.
നിലവിലെ സാഹചര്യത്തിൽ പാർട്ടിയിലെ ശ്രദ്ധാകേന്ദ്രം വിമത നേതാക്കളുടെ കൂട്ടായ്മയായ ജി23 ആണ്. പാർട്ടിയുടെ പ്രവർത്തനത്തിലും നേതൃത്വത്തിന്റെ നയങ്ങളിലും മാറ്റം വേണമെന്ന് അവർ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കപിൽ സിബൽ നെഹ്‌റു-ഗാന്ധി കുടുംബം മാറിനിൽക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തീവ്രശ്രമം നടത്തുന്നുണ്ട്. ഇതിലൊക്കെയാവും ഇന്ത്യക്കാരുടെ പ്രതീക്ഷ. അടുത്ത മാസം നടക്കുന്ന ഡി.എം.കെ ദൽഹി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാകും. സ്റ്റാലിന്റെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടിനാണ് ഓഫീസ് ഉദ്ഘാടനം. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഇടതുനേതാക്കൾ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനങ്ങൾ മുഴങ്ങി കേൾക്കുന്നതിനിടെയാണ് അടുത്ത മാസം ഈ ചടങ്ങ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ദേശീയ തലത്തിൽ പ്രതിപക്ഷത്തുള്ള ബിജെപിയിതര പാർട്ടികളുടെ മുന്നണിയുണ്ടാക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. മുന്നണിയിൽ കോൺഗ്രസ് വേണമെന്നും വേണ്ടെന്നും അഭിപ്രായമുള്ള പാർട്ടികളുണ്ട്. കോൺഗ്രസിനെ കൂടി ഉൾക്കൊള്ളിച്ചുള്ള പ്രതിപക്ഷ മുന്നണിയാണ് ഡി.എം.കെയുടെ താൽപര്യം. ഗാന്ധി കുടുംബവുമായി സ്റ്റാലിന് അടുത്ത ബന്ധമുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന സ്റ്റാലിന്റെ ആത്മകഥാ പ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധിയായിരുന്നു മുഖ്യാതിഥി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതും യു.പി തന്നെയായിരുന്നു. യു.പിയിൽ സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി എന്നീ മതേതര കക്ഷികൾ പരസ്പരം പോരടിക്കുകയായിരുന്നു. ഇവർക്ക് തെരഞ്ഞെടുപ്പിന് മുമ്പേ ധാരണയിലെത്താമായിരുന്നു. കേരളത്തിലെ അര മന്ത്രി സംവിധാനം പോലെ ഓരോ ഒന്നര വർഷം മൂന്ന് പാർട്ടികളും ഭരിച്ചാൽ മതിയായിരുന്നു. കണക്കുകൾ നോക്കിയാലും മുമ്പിലാണ് ഈ മൂന്ന് പാർട്ടികളും. ഭരണം പിടിച്ച ബി.ജെ.പിയേക്കാൾ അഞ്ചു ശതമാനം വോട്ടുകൾ കൂടുതൽ നേടാൻ ഈ കക്ഷികൾക്ക് സാധിച്ചു. യു.പി ഇലക്ഷനിലെ അവിസ്മരണീയ പ്രകടനം ഹൈദരാബാദിൽ നിന്നെത്തിയ അസദുദ്ദീൻ ഉവൈസിയുടേതായിരുന്നു. ഹിജാബ് ധരിച്ച വനിത ഒരു നാൾ എന്റെ നാട്ടിലെ പ്രധാനമന്ത്രിയാവുമെന്നായിരുന്നു സ്റ്റേറ്റ്‌മെന്റ്. ഹിന്ദി ബെൽറ്റിലെ സകല പത്രങ്ങളും ചാനലുകളും ഈ പ്രസ്താവന ആഘോഷിച്ചു. ബി.ജെ.പി വിജയത്തിന് കുറച്ചൊന്നുമല്ല ഉവൈസിയുടെ ഡയലോഗ് സഹായകമായത്.