Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ പെട്രോൾ പമ്പുകളിൽ പരിശോധന; കൃത്രിമമില്ലെന്ന് അധികൃതർ

രഹസ്യ ഉപകരണം സ്ഥാപിച്ച് പമ്പുകളിൽ കൃത്രിമം നടത്തുന്നതായി സംശയിച്ച് ജിദ്ദയിലെ പെട്രോൾ ബങ്കിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുന്നു.

ജിദ്ദ - പെട്രോൾ ബങ്കുകളിലെ പമ്പുകളിൽ കൃത്രിമങ്ങൾ നടത്തുന്നതായി സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ മൂന്നു സർക്കാർ വകുപ്പുകൾ സഹകരിച്ച് ബങ്കുകളിൽ ഇന്ന് പരിശോധനകൾ നടത്തിയെങ്കിലും കൃത്രിമങ്ങളൊന്നും ശ്രദ്ധയിൽ പെട്ടില്ല. പെട്രോൾ ബങ്കുകളിലെ പമ്പുകൾക്കകത്ത് ഒളിപ്പിച്ചു വെക്കുന്ന രഹസ്യ ഉപകരണങ്ങൾ പ്രോഗ്രാമിൽ മാറ്റംവരുത്തുകയാണെന്നും റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് രഹസ്യ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. 
റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ജിദ്ദയിലെ പെട്രോൾ ബങ്കുകളിൽ അടക്കം നടത്തിയ പരിശോധനകളിൽ പമ്പുകൾക്കകത്ത് സംശയകരമായ ഒരുവിധ ഉപകരണങ്ങളും കൃത്രിമങ്ങളും ശ്രദ്ധയിൽ പെട്ടില്ല. വാണിജ്യ മന്ത്രാലയവും ഊർജ മന്ത്രാലയവും, ത്രാസുകളും മീറ്ററുകളും മറ്റും പരിശോധിക്കുന്നതിന്റെ ചുമതലുള്ള ഏജൻസിയായ തഖ്‌യീസും ചേർന്നാണ് പെട്രോൾ ബങ്കുകളിൽ പരിശോധനകൾ നടത്തിയത്. വിവിധ പ്രവിശ്യകളിലെ പെട്രോൾ ബങ്കുകൡ പരിശോധനകൾ തുടരുമെന്ന് മൂന്നു വകുപ്പുകളും പറഞ്ഞു. 
പെട്രോൾ ബങ്കുകളിലെ പമ്പുകളിൽ പ്രോഗ്രാമുകളിൽ മാറ്റങ്ങൾ വരുത്തുന്ന റിമോട്ട് കൺട്രോൾ ഉപകരണങ്ങൾ രഹസ്യമായി സ്ഥാപിക്കുന്നുണ്ടെന്നും ഇതുവഴി ഓരോ വാഹനത്തിലും നിറക്കുന്ന ഇന്ധനത്തിന്റെ വിലയിൽ 25 റിയാൽ വരെ അധികം കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും വാദിക്കുന്ന വീഡിയോ സൗദി പൗരനാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇത് വൈകാതെ വൈറലാവുകയായിരുന്നു. 
 

Latest News