പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിനു മുകളില്‍ ലിംഗം മുട്ടിച്ചാലും ബലാത്സംഗ കുറ്റമെന്ന് ഹൈക്കോടതി

ഷില്ലോങ്-സ്ത്രീയുടെ അടിവസ്ത്രത്തിന് മുകളിലൂടെ ആയാലും യോനിയില്‍  പുരുഷ അവയവം മുട്ടിക്കുന്നത് ബലാത്സംഗത്തിനു തുല്യമാണെന്ന് മേഘാലയ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ഇങ്ങനെ തടവുന്നത് ലിംഗം കയറ്റുന്നതിന് തുല്യമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 375 (ബി)  ചുമത്താവുന്ന കുറ്റമാണെന്നുമാണ്  ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. 2006 മുതലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് ഡബ്ല്യു ഡിങ്‌ദോ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രയോഗിക്കാവുന്ന തരത്തില്‍ ലൈംഗിക ബന്ധം പൂര്‍ണമാകണമെന്നില്ല. യോനിയിലോ മൂത്രനാളിയിലോ എന്തെങ്കിലും വസ്തു കയറ്റുന്നത് ബലാത്സംഗത്തിന് തുല്യമായിരിക്കും. അടിവസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ഇരയുടെ യോനിയില്‍ പുരുഷന്‍ അവയവം നിര്‍ബന്ധിതമായി കയറ്റിയാലും ഇല്ലെങ്കിലും അത് ഉള്ളില്‍ കയറ്റിയതിനു  തുല്യമായിരിക്കുമെന്ന്  ഉത്തരവില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വേദന അനുഭവപ്പെട്ടിരുന്നില്ലെന്നും പ്രതി ലിംഗം അകത്തു കടത്തിയിട്ടില്ലെന്നും അടിവസ്ത്രത്തിന്റെ മുകളില്‍ തടവുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു 2006 ല്‍ ആരംഭിച്ച കേസ്. എന്നാല്‍ വൈദ്യപരിശോധനയില്‍ കന്യാചര്‍മം പൊട്ടിയിരുന്നതായി കണ്ടെത്തി. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നും മാനസിക ആഘാതമുണ്ടായെന്നുമായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
ഇരയുടെ അടിവസ്ത്രം ഊരിമാറ്റിയില്ലെങ്കില്‍ പിന്നെ എങ്ങനെ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതിയുടെ ശിക്ഷാ വിധിയെ  പ്രതി ചോദ്യം ചെയ്തത്.
സംഭവ സമയത്ത് തനിക്ക് വേദന അനുഭവപ്പെട്ടിരുന്നില്ലെന്ന് ഇര പറഞ്ഞിരുന്നുവെങ്കിലും 2006 ഒക്ടോബര്‍ ഒന്നിന് വൈദ്യപരിശോധന നടത്തിയപ്പോള്‍ വേദനയുള്ള കാര്യം പറഞ്ഞിരുന്നുവെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

 

Latest News