Sorry, you need to enable JavaScript to visit this website.

ലോഡ്ജ് ലൈസന്‍സ് പുതുക്കാന്‍ മുക്കാല്‍ ലക്ഷം കൈക്കൂലി, ഉദ്യോഗസ്ഥന്‍ പിടിയില്‍ 

മൂവ്വാറ്റുപുഴ- ലോഡ്ജിന്റെ റദ്ദാക്കിയ ലൈസന്‍സ് വീണ്ടും നല്‍കുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു (45) വിനെ വിജിലന്‍സ് പിടികൂടി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് ഹൈസ്‌കൂള്‍ റോഡിലെ ഫഌറ്റില്‍ നിന്നാണ് ബിജുവിനെ പിടിച്ചത്. രാമപുരം കവലയ്ക്ക് സമീപം ഹരിദാസ് കോംപ്ലക്‌സില്‍ ലോഡ്ജ് ഉടമ തൂശത്ത് ടി.യു. ഹരിദാസ് നല്‍കിയ പരാതിയനുസരിച്ചാണ് വിജിലന്‍സ് സംഘം എത്തിയത്.
ലൈസന്‍സ് ലഭിക്കാന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റിന് ഒന്നര ലക്ഷം രൂപയാണ് ഹെല്‍ത്ത് വിഭാഗം ആവശ്യപ്പെട്ടത്. ഈ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഫിനാഫ്തലിന്‍ പുരട്ടി സീരിയല്‍ നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി നല്‍കിയ നോട്ടുകളുമായി ഹരിദാസ് ചൊവ്വാഴ്ച രാത്രി ബിജുവിന്റെ താമസ സ്ഥലത്തെത്തി. ഹെല്‍ത്ത് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥരും ബിജുവിനൊപ്പമുണ്ടായിരുന്നു. ഹരിദാസ് നോട്ടുകള്‍ ബിജുവിന് നല്‍കി. ഫ്‌ലാറ്റിനു സമീപം കാത്തുനിന്ന വിജിലന്‍സ് സംഘം ഉടന്‍തന്നെ എത്തി നോട്ടുകള്‍ കണ്ടെടുത്തു.
എറണാകുളത്ത് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കിയ സംഭവത്തിലെ കുറ്റക്കാരനായി നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സ്വദേശിയായ ബിജു എന്ന് വിജിലന്‍സ് പറഞ്ഞു. 
 

Latest News