റിയാദ്- സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം ചെയ്തു തുടങ്ങിയതായി പെട്രോൾ വിപണിയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ജനുവരി ഒന്നു മുതൽ ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പച്ച നിറത്തിലുള്ള പെട്രോളിന്റെ വില 0.75 റിയാലിൽ നിന്ന് 1.37 റിയാലായും ഒക്‌ടേൻ 95 ഇനത്തിൽ പെട്ട ചുവപ്പ് നിറത്തിലുള്ള പെട്രോളിന്റെ വില 0.90 റിയാലിൽ നിന്ന് 2.04 റിയാലായും ഉയർത്തിയിരുന്നു. ഇന്ധന, വൈദ്യുതി നിരക്കുകൾ ഉയർത്തിയതു മൂലമുള്ള അധിക സാമ്പത്തിക ഭാരത്തിൽ നിന്ന് പാവപ്പെട്ട സൗദി കുടുംബങ്ങൾക്ക് സംരക്ഷണം നൽകുന്നതിന് സബ്‌സിഡി ഇനത്തിലുള്ള ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറച്ചിട്ടുണ്ട്.
വില ഉയർത്തിയതോടെ പ്രാദേശിക വിപണിയിൽ പെട്രോൾ ഉപഭോഗത്തിൽ ശ്രദ്ധേയമായ കുറവുണ്ടായി. 2016 ൽ സൗദിയിൽ ശരാശരി പ്രതിദിന പെട്രോൾ ഉപഭോഗം ആറു ലക്ഷം ബാരലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് 5,17,000 ബാരലായി കുറഞ്ഞതായി ഒപെക് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിദിന പെട്രോൾ ഉപഭോഗത്തിൽ 2017 ജനുവരിയെ അപേക്ഷിച്ച് 43,000 ബാരലിന്റെയും 2016 ജനുവരിയെ അപേക്ഷിച്ച് 83,000 ബാരലിന്റെയും കുറവാണ് 2018 ജനുവരിയിലുണ്ടായത്. ഇത് വലിയ നേട്ടമാണ്. പെട്രോൾ സബ്‌സിഡി ഇനത്തിൽ വൻതുകയാണ് ഗവൺമെന്റ് ചെലവഴിച്ചിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യ പ്രതിദിനം 1,80,000 ബാരൽ പെട്രോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് ആഗോള നിരക്കിലാണ് വില നൽകുന്നത്. പ്രാദേശിക വിപണിക്ക് ആവശ്യമായ മുഴുവൻ പെട്രോളും വിതരണം ചെയ്യുന്നതിന് സൗദിയിലെ എണ്ണ റിഫൈനറികൾക്ക് ശേഷിയില്ലാത്തതാണ് വിദേശത്തു നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നതിന് കാരണം.
2016 ജനുവരിയിൽ സൗദിയിൽ പെട്രോൾ വില കുറഞ്ഞ തോതിൽ ഉയർത്തിയിരുന്നു. എന്നാൽ അതിനു ശേഷവും ഉപഭോഗം കൂടുകയാണ് ചെയ്തത്. ഒക്‌ടേൻ 91 ഇനം പെട്രോളിന്റെ വില 0.45 റിയാലിൽ നിന്ന് 0.75 റിയാലായും ഒക്‌ടേൻ 95 പെട്രോളിന്റെ വില 0.60 റിയാലിൽ നിന്ന് 0.90 റിയാലുമായാണ് അന്ന് ഉയർത്തിയത്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ വില ഇരട്ടിയിലേറെ ഉയർത്തിയതോടെ ഉപഭോഗം ശ്രദ്ധേയമായ നിലയിൽ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് പെട്രോൾ ഉപഭോഗ നിരക്ക് ഏറ്റവും കൂടിയ രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് സൗദി അറേബ്യ. പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവം രാജ്യത്തെ കൂടിയ പെട്രോൾ ഉപഭോഗ നിരക്കിന് പ്രധാന കാരണമാണ്.
വില ഉയർത്തിയെങ്കിലും ഇപ്പോഴും ലോകത്ത് പെട്രോൾ വില കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോളിന് സർക്കാർ ഇപ്പോഴും സബ്‌സിഡി നൽകുന്നുണ്ട്. ഒക്‌ടേൻ 95 ഇനത്തിൽ പെട്ട പെട്രോളിന്റെ വില ആഗോള നിരക്കിന് ഏറെക്കുറെ സമാനമാണ്. യു.എ.ഇയിൽ ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോളിന്റെ വില 2.14 റിയാലിനും ഒക്‌ടേൻ 95 ഇനത്തിൽ പെട്ട പെട്രോളിന്റെ വില 2.22 റിയാലിനും തുല്യമാണ്. സൗദിയിൽ ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോളിന് ലിറ്ററിന് ഇപ്പോഴും 0.80 റിയാൽ സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.






