യുട്യൂബ് മോഹം കാമുകന്റെ ജീവനെടുത്തു; യുവതി ജയിലില്‍ 

വാഷിംഗ്ടണ്‍- യുട്യൂബില്‍ തരംഗമാക്കാനുളള വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയില്‍ കാമുകന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ യുവതിക്ക് യു.എസ് കോടതി ആറു മാസം തടവ് വിധിച്ചു. 22 കാരനായ പെഡ്രോ റൂയിസ് കൊല്ലപ്പെട്ട സംഭവത്തില്‍ മൊണാലിസ പെരസ് എന്ന 20 കാരിക്കാണ് ശിക്ഷ. പെഡ്രോ നെഞ്ചില്‍ ചേര്‍ത്തുവെച്ച കട്ടിയുള്ള പുസ്തകം വെടിയുണ്ട പ്രതിരോധിച്ചുകൊള്ളുമെന്ന് വിശ്വസിപ്പിച്ച് മൊണാലിസയെ കൊണ്ട് 30 സെ.മി അകലെനിന്ന് വെടിവെപ്പിക്കുകയായിരുന്നു. എന്നാല്‍ വെടിയുണ്ട തുളച്ചുകയറി പെഡ്രോ മരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം.  
യുട്യൂബിലൂടെ വൈറലാക്കി പ്രചാരം നേടാന്‍ വേണ്ടി നടത്തിയ വികൃതിയുടെ സൂത്രധാരന്‍ പെഡ്രോ ആയതിനാലാണ് യുവതിക്ക് കുറഞ്ഞ ശിക്ഷ. യുവാവിന്റെ വാക്കുവിശ്വസിച്ചാണ് രണ്ട് മക്കളുടെ മാതാവായ യുവതി നിറയൊഴിച്ചതെന്ന് നോര്‍മാന്‍ കൗണ്ടി അറ്റോര്‍ണി ജെയിംസ് ബ്രൂ പറഞ്ഞു. ശിക്ഷയില്‍ ആദ്യത്തെ 90 ദിവസം പത്ത് ദിവസം ജയിലിലും പത്ത് ദിവസം പുറത്തും കഴിയാം. 
മിന്നസോട്ടയിലെ ഹാള്‍സ്റ്റാഡില്‍ താമസിച്ചിരുന്ന പെഡ്രോയും മൊണാലിസയും ദൈനംദിനം ജീവിതം ഷൂട്ട് ചെയ്ത് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത് പ്രശ്‌സതരാകാന്‍ ശ്രമിച്ചിരുന്നു. നേരത്തെ അപകടകരമല്ലാത്ത ചില വികൃതികള്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. 
 

Latest News