ദമാം- മലയാളി യുവാവ് ദമാം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ പലമേൽ നൂറനാട്, മുതുക്കാട്ടുകര കാർത്തികയിൽ ശിവദാസൻ സുജ ദമ്പതികളുടെ മകൻ അഖിൽ ശിവദാസൻ (27) ആണ് ആത്മഹത്യ ചെയ്തത്. മൂന്നു മാസം മുമ്പാണ് അഖിൽ റിയാദിലുള്ള ബന്ധു നൽകിയ പുതിയ വിസയിൽ ജുബൈലിൽ എത്തിയത്. പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഭാഗമായി പല കമ്പനികളിലും അന്വേഷണം ഒന്നും പ്രതീക്ഷിച്ച പോലെയായില്ല. തുടർന്ന് ഇദ്ദേഹം ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനെ തുടർന്ന് നാട്ടിൽ അവധിക്കായി പോയ ബന്ധുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ദമാം പോർട്ടിനു സമീപമുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് അഖിലിനെ എത്തിക്കുകയായിരുന്നു. ഇതിനിടെ മാനസിക പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമായി. തുടർന്ന് ദമാം നവയുഗം ഭാരവാഹികളായ ഷാജി മതിലകവും പ്രസിഡന്റ് വാഹിദ് കാര്യരയും മറ്റു ഭാരവാഹികളായ മണിക്കുട്ടൻ, ഷിബു കുമാർ എന്നിവർ അൽ ഖോബാർ കിംഗ് ഫഹദ് സ്‌പെഷ്യലിറ്റി ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചു. ഇവിടെനിന്നാണ് ദമാം അൽ അമൽ മാനസിക ആരോഗ്യ കേന്ദ്രമായ ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ധ ചികിത്സ നൽകുന്നതിനിടെ വാർഡിൽ തന്നെ തൂങ്ങി മരിച്ചതായാണ് പോലീസ് അറിയിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. അവിവാഹിതനായ അഖിലിന്റെ ഏക സഹോദരൻ അമൽ നാട്ടിലാണ്.