സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി

കണ്ണൂര്‍- സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി.സന്തോഷ് കുമാറിനെ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു.
സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെതാണ്  തീരുമാനം.  പാര്‍ട്ടി ഏല്‍പ്പിക്കുന്ന ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ പി.സന്തോഷ് കുമാര്‍, എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു.

എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ എസ്.എന്‍.കോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  തളിപ്പറമ്പ് ബാറില്‍ അഭിഭാഷകനായിരുന്നു.  2011 ല്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും 2005 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്. സേലം ജയില്‍ രക്തസാക്ഷി ഒ.പി.അനന്തന്‍ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.കെ അടിയോടിയുടെയും പൗത്രനാണ് . പഞ്ചായത്ത് എന്‍.ജി.ഒ ഫെഡറേഷന്‍ നേതാവായിരുന്ന കെ.പി.പ്രഭാകരന്റെയും പി.വി.രാധയുടെയും മകനാണ് . ഹൈസ്‌ക്കൂള്‍ അധ്യാപിക എം.ലളിതയാണ് ഭാര്യ. ഹൃദ്യ, ഋത്വിക് എന്നിവര്‍ മക്കള്‍.

 

Latest News