തൃശൂര്‍- ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വരവൂര്‍ കമ്മുലിമുക്ക് രമേഷിനെ (37) യാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ യടക്കാനും തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിന്നു ശേഷം ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. അനാഥാലയത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു എന്നാണ് കേസ്. അമ്മയേയും കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും
രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കി.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളും 26 രേഖകളും നാല് തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി. ലഭിക്കുന്ന പിഴ തുക അപര്യാപ്തമാണെന്നും അതിജീവിതയുടെ സുരക്ഷിതമായ ഭാവി ജീവിതത്തിന്ന് പര്യാപ്തമായ നഷ്ട പരിഹാരം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേന നല്‍കുന്നതിന്ന് വേണ്ട നടപടി കൈകൊള്ളണമെന്നും വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അനാഥത്വത്തെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവൃത്തി യാതൊരു വിധ കാരുണ്യവും അര്‍ഹിക്കുന്നില്ലെന്നും അത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് വിധി.
പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ. പി . അജയ് കുമാര്‍ ഹാജരായി.