താമസക്കാരന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയ ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍

ഗുരുഗ്രാം- ഹോട്ടലില്‍ താമസിക്കാനെത്തിയ അതിഥിയുടെ ഡെബിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് സ്വര്‍ണം വാങ്ങിയ മാനേജര്‍ അറസ്റ്റില്‍. 3.1 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടമായിരുന്നത്.
ഗുരുഗ്രാമിലെ ഇന്ദ്രപുരി സ്വദേശിയായ വിവേക് യാദവ് (60) ഡിസംബര്‍ മൂന്നിനാണ് പോലീസില്‍ പരാതി നല്‍കിയത്. ഡെബിറ്റ് കാര്‍ഡ് തന്റെ പക്കലാണെങ്കിലും ആരോ പണം പിന്‍വലിച്ച് സ്വര്‍ണം വാങ്ങിയെന്നായിരുന്നു പരാതി.
അന്വേഷണത്തില്‍ ഗുരുഗ്രാമിലെ  ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുന്ന 32 കാരനാണ് പിടിയിലായത്.  
തനിക്ക് രണ്ട് ഡെബിറ്റ് കാര്‍ഡുകളുണ്ടെന്നാണ് യാദവ് പറഞ്ഞതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (െ്രെകം) പ്രീത് പാല്‍ സാങ്‌വാന്‍ പറഞ്ഞു.  ബാങ്കിലെത്തി ഇടപാടിന്റെ സ്ഥിതി പരിശോധിക്കാറുണ്ടായിരുന്നില്ല. ബാങ്കില്‍ നിന്ന് ഇടപാടിന കുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. എ.ടി.എമ്മില്‍ പണം പിന്‍വലിക്കാന്‍ പോയപ്പോള്‍ അക്കൗണ്ട് ബാലന്‍സ് കുറവാണെന്ന സന്ദേശം ലഭിച്ചു.  തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്.
ബാങ്കില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പണം പിന്‍വലിക്കാന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കാര്‍ഡ് ഉപയോഗിച്ചുവെന്നും സദര്‍ മാര്‍ക്കറ്റില്‍ നിന്ന് സ്വര്‍ണനാണയങ്ങള്‍ വാങ്ങിയെന്നുമാണ് ബാങ്കില്‍നിന്ന് വിവരം ലഭിച്ചത്.  
പരാതിയുമായി പോലീസിനെ സമീപിക്കുന്നതിന് മുമ്പ്  മൂന്ന് ദിവസം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും  പണം പിന്‍വലിക്കാനും ഹോട്ടല്‍ കുടിശ്ശിക തീര്‍ക്കാനുമായി ഹോട്ടലിലെ ഒരു ജീവനക്കാരനോടൊപ്പം എ.ടി.എമ്മില്‍ പോയ കാര്യവും യാദവ് അറിയിച്ചു.
ബിഹാറിലെ ഔറംഗബാദ് സ്വദേശിയായ   സോനു കുമാറാണ് പരാതിക്കൊരനോടൊപ്പം പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞ പോലീസ് ഹോട്ടല്‍ മാനേജരായ ഇയാളെ  ചോദ്യം ചെയ്യുകയായിരുന്നു. പരാതിക്കാരന്‍ മിക്ക സമയത്തും മദ്യപിച്ച നിലയിലായിരുന്നതിനാലാണ് തട്ടിപ്പ് നടത്താന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു.  
യാദവിന് ഹോട്ടല്‍ ബില്‍ നല്‍കിയപ്പോള്‍ മാനേജരോട് അടുത്തുള്ള എ.ടി.എമ്മിലേക്ക് കൂടെ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യാദവ് അനങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നുവെന്ന് സോനു കുമാര്‍ പോലീസിനോട് പറഞ്ഞു.  മുറിയില്‍ തിരിച്ചെത്തിയശേഷം  യാദവിന്റെ എടിഎം കാര്‍ഡുകളുമായി പോയ  കുമാര്‍ ഒരു ലക്ഷം രൂപ പിന്‍വലിക്കുകയും 2.1 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങുകയുമായിരുന്നു.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്ത സോനു കുമാര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ 40 ഗ്രാം സ്വര്‍ണ നാണയം കണ്ടെടുത്തിട്ടുണ്ട്.

 

Latest News