Sorry, you need to enable JavaScript to visit this website.

നമോ ആപ്പിലൂടെ സര്‍ക്കാർ പദ്ധതികളുടെ പേരില്‍ പിരിവ്; തട്ടിപ്പെന്ന് ആരോപണം

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലുള്ള നമോ ആപ്പിലൂടെ സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്ന പേരില്‍ ബിജെപി പിരിവ് തട്ടിപ്പ് നടത്തുന്നതായി ആരോപണം. സര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ടി പിരിവ് നടത്താന്‍ നമോ ആപ്പിനോ മറ്റേതെങ്കിലും സന്നദ്ധ സംഘടനകള്‍ക്കോ അനുവാദം നല്‍കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത്, ബേട്ടി ബചാവോ, ബേട്ടി പഠാവോ എന്നീ പദ്ധതികള്‍ക്കെന്ന പേരിലാണ് നമോ ആപ്പില്‍ പിരിവ് നടക്കുന്നതെന്ന് ഇതു സംബന്ധിച്ച പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു. 

നരേന്ദ്ര മോഡി ആപ്പില്‍ സംഭാവനകള്‍ നല്‍കാനുള്ള ഓപ്ഷനിലാണ് ഈ പദ്ധതികളുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോസ് ഫോണ്‍ ഡൊനേഷന്‍ എന്ന മെനുവില്‍ പാര്‍ട്ടി ഫണ്ട്, കിസാന്‍ സേവ, സ്വച്ഛ് ഭാരത്, ബേട്ടി ബചാവോ ബേട്ടി പഠാവോ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് പിരിവ് സ്വീകരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ടി സംഭാവന നല്‍കിയാല്‍ ബിജെപിയുടെ രസീത് ആണ് ലഭിക്കുന്നതെന്നും അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഇങ്ങനെ പിരിവ് നടത്താന്‍ നമോ ആപ്പിന് അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

Latest News