കോട്ടയം- മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍നിന്ന് വീണു മരിച്ചു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അച്ഛന് വീഴുന്നത് കണ്ട് ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയ മകള്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങിനു പഠിക്കുന്ന അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നു.
അച്ഛന് വീഴുന്നത് കണ്ട് ട്രെയിനില്‍നിന്ന് അന്‍സ പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. തലക്ക് പരിക്കേറ്റ അന്‍സ ചങ്ങനാശ്ശേരി ആശുപത്രിയിലാണ്.






