ഇത് അമേരിക്കയല്ല, ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തിന് നിയന്തണമുണ്ടെന്ന് ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി

ബംഗളൂരു- അമേരിക്കയിലേതുപോലെ സമ്പൂര്‍ണ മതസ്വാന്ത്ര്യം ഇന്ത്യയില്‍ ലഭ്യമല്ലെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള മതസ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
കര്‍ണാടകയിലെ ഹിജാബ് നിരോധത്തെ ശരിവെച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യവും ഇന്ത്യയിലെ മതസ്വാതന്ത്ര്യവും വ്യത്യസ്തമാണെന്ന് ഹൈക്കോടതി വിശീദരിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2022/03/15/hijab-ban.jpg
രാജ്യത്ത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം മതസ്വാതന്ത്ര്യത്തിനും ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വിധിയില്‍ പറഞ്ഞു.
നമ്മുടെ ഭരണഘടനയുടെ 25ാം അനുച്ഛേദം നിയന്ത്രണത്തോടെ ആരംഭിക്കുന്നു എന്നതിനു പുറമെ, ഈ സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള  ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പോലെ മൗലികാവകാശങ്ങളില്‍ ന്യായമായ നിയന്ത്രണങ്ങള്‍ അമേരിക്കയില്‍ ഇല്ലെന്ന് അവിടത്തെ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമാണോ എന്നകാര്യമാണ് മുഖ്യമായി പരിശോധിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി, ഇതിന് ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും വ്യക്തമാക്കി.
 സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികവകാശ ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ട് ഫെബ്രുവരി അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ശരിവെച്ചത്.
ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ്  ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് പരിഗണിച്ചത്.11ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് ഫെബ്രുവരി 25ന് വിധി പറയാനായി കേസ് മാര്‍ച്ച് 15ലേക്ക് മാറ്റുകയായിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

 

Latest News