22500 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിച്ചു; നിരവധി വിദ്യാര്‍ത്ഥികള്‍ വരാന്‍ കൂട്ടാക്കിയില്ലെന്ന് സര്‍ക്കാര്‍

ന്യൂദല്‍ഹി- റഷ്യ അധിനിവേശം നടത്തിയ യുക്രൈനില്‍ നിന്ന് 22500ലേറെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരില്‍ ഏറെ പേരും വിദ്യാര്‍ത്ഥികളാണ്. പ്രതികൂല സാഹചര്യമായിട്ടു പോലും പലരും പഠനം നിര്‍ത്തി തിരിച്ചുവരാന്‍ ആദ്യം കൂട്ടാക്കിയില്ലെന്നും മന്ത്രി പറഞ്ഞു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ യുക്രൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാന്‍ ജനുവരി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു. 20000ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഏറെ പേരും യുക്രൈനില്‍ പലയിടത്തായി വിവിധ യൂനിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുവരാന്‍ ഇവരില്‍ ഏറെ പേര്‍ക്കും വിമുഖത ഉണ്ടായിരുന്നു. ചില യുനിവേഴ്‌സിറ്റികള്‍ കാര്യമായി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഇതുകാരണം ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടും ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അവിടെ തന്നെ കഴിയാനാണ് താല്‍പര്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. 

രൂക്ഷമായ സംഘര്‍ഷത്തിനിടെ ഏറെ വെല്ലുവിളികളോടെയാണ് ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഓപറേഷന്‍ ഗംഗം മുഖേന 90 വിമാനങ്ങളാണ് ഇവരെ ഒഴിപ്പിക്കാന്‍ ഉപയോഗിച്ചത്. ഇതില്‍ 76 യാത്രാ വിമാനങ്ങളും ഇന്ത്യന്‍ വ്യോമ സേനയുടെ 14 സൈനിക വിമാനങ്ങളും ഉള്‍പ്പെടും. റൊമേനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്.

Latest News