തിരുവനന്തപുരം- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. തന്റെ വാദം ശരിയായതില്‍ പ്രത്യേക സന്തോഷമൊന്നുമില്ല. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജികള്‍ തള്ളിയത്.
ഹിജാബ് ഇസ്ലാമില്‍ അനിവാര്യമെന്ന വാദം മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളച്ചിടാനുള്ള ശ്രമമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പരിമിതികളെ മറികടന്ന് സ്ത്രീകള്‍ സായുധ സേനയില്‍ വരെ എത്തിയിരിക്കുന്നു. ഹിജാബ് അനിവാര്യമെന്നു പറയുന്നത് അവരോടുള്ള അനീതിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം ഡ്രസ് കോഡ് നിശ്ചയിക്കുന്നത് കാലങ്ങളായുള്ള പതിവാണെന്നും മുസ്ലിം സ്ത്രീകള്‍ക്കെതിരായ ഗുഢാലോചനയാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ് തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.