കോഴിക്കോട്- കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ മൊഴി മാറ്റിപ്പറയാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. പോക്‌സോ കേസില്‍ പ്രതിയായ റോയി വയലാട്ടിന്റെ പ്രതിനിധിയെന്ന് അവകാശപ്പെട്ടെത്തിയ അഭിഭാഷകനാണ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പരാതി നല്‍കി കോഴിക്കോട്ട് തിരിച്ചെത്തിയതിന് പിന്നാലെയാണ് അഭിഭാഷകന്‍ സമീപിച്ചതെന്നും പരാതിക്കാരി സ്വാകര്യ ചാനലിനോട് വെളിപ്പെടുത്തി.
തന്റെ ഒരു സുഹൃത്തിനൊപ്പമാണ് അഭിഭാഷകന്‍ കാണാനെത്തിയത്. റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് വന്നതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. തന്റെ മുന്നില്‍വെച്ച് റോയിയുടെ വക്കീലിനെ അദ്ദേഹം വിളിച്ചെങ്കിലും വക്കീല്‍ ഫോണെടുത്തില്ല. തുടര്‍ന്നാണ് പണത്തെക്കുറിച്ച് സംസാരിച്ചത്.
അഞ്ജലി എനിക്ക് കുറച്ചു പണം തരാനുണ്ട്. ആ തുക 50 ലക്ഷമാണെന്ന് തെറ്റിദ്ധരിച്ചാകാം അവര്‍ 50 ലക്ഷം തരാമെന്ന് പറഞ്ഞത്. അഞ്ജലി തരാനുള്ള 50 ലക്ഷം തരാമെന്നായിരുന്നു വാഗ്ദാനം. ബാക്കി നിങ്ങള്‍ പറയുന്നത് പോലെയാണെന്നും അത് എത്രയാണെന്ന് വെച്ചാല്‍ സംസാരിക്കാമെന്നും പറഞ്ഞു. കേസ് തീരാന്‍ രണ്ടുവര്‍ഷമെടുക്കുമെന്നും ആ സമയത്ത് അതിനെക്കുറിച്ച് സംസാരിക്കാം എന്നുമാണ് പറഞ്ഞത്. റോയിയുടെ സഹോദരന്‍ തന്നെ വിളിച്ചതായും അഭിഭാഷകന്‍ പറഞ്ഞിരുന്നു- പരാതിക്കാരി വെളിപ്പെടുത്തി.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അഞ്ജലി റീമാദേവിന് ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളായ റോയി വയലാട്ടും സൈജു തങ്കച്ചനും കഴിഞ്ഞദിവസങ്ങളില്‍ പോലീസില്‍ കീഴടങ്ങി. ഹൈക്കോടതിയും സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും കീഴടങ്ങിയത്. കേസില്‍ രണ്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച അഞ്ജലി റീമാദേവിനോട് ഹാജരാകാന്‍ െ്രെകംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.






