Sorry, you need to enable JavaScript to visit this website.

വിമാനങ്ങളില്‍ ഇന്ത്യന്‍ സംഗീതം നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ഇന്ത്യയിലെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിമാനങ്ങളിലും ടെര്‍മിനലുകളിലും ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കുന്നത് പരിഗണിക്കണമെന്ന് മൂന്ന് മാസം മുമ്പ് വ്യോമയാന മന്ത്രാലയം എല്ലാ വിമാനകമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതും സംബന്ധിച്ച് കോണ്‍ഗ്രസ് എംപി അംബികാ സോണി ഉന്നയിച്ച ചോദ്യത്തിന് ഇന്ത്യന്‍ സംഗീതം നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് വ്യോമയാന സഹമന്ത്രി വി കെ സിങ് രാജ്യസഭയില്‍ അറിയിച്ചു. 

ഇന്ത്യന്‍ കമ്പനികളുടെ വിമാനങ്ങളില്‍ ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് ഡിസംബര്‍ 23ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ചറല്‍ റിലേഷന്‍സ് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 27നാണ് ഇതു പരിഗണിക്കണമെന്ന് കേന്ദ്രം വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ ജാസും ഓസ്ട്രിയന്‍ വിമാനങ്ങള്‍ മൊസാര്‍ട്ടും മിഡില്‍ ഈസ്റ്റ് വിമാനങ്ങള്‍ അറബ് സംഗീതവും കേള്‍പ്പിക്കുമ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സമ്പന്നമായ സംഗീത പാരമ്പര്യമുള്ള ഇന്ത്യയിലെ സംഗീതം കേള്‍പ്പിക്കുന്നില്ലെന്നും വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

Latest News