Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വരുമാനം ഗണ്യമായി കുറഞ്ഞു, പ്രതിസന്ധികൾക്കു നടുവിലും പിടിച്ചുനിൽക്കാൻ ശ്രമിച്ച് വിദേശികൾ


തുറൈഫ്- വലിയ ശമ്പളവും ആനുകൂല്യവും വാങ്ങി ശീലിച്ച പ്രവാസികൾ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. കച്ചവടം നടത്തി ആകർഷകമായ വരുമാനം ഉണ്ടാക്കിയിരുന്നവരും നേട്ടം കൊയ്തിരുന്നവരുമെല്ലാം അതെല്ലാം അവസാനിച്ചതോടെ ചെറിയ വരുമാനത്തിൽ പിടിച്ചു നിൽക്കുകയാണ്.


ടെക്‌സ്‌റ്റൈൽസ്, ഗിഫ്റ്റ് ഹോം അപ്ലയൻസസ്, ഹോട്ടൽ, കർട്ടൻ സോഫ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ മേഖലകളിൽ അതികായൻമാരായിരുന്ന മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾക്ക് പുതിയ നിയമങ്ങൾ തിരിച്ചടിയായി. സ്വദേശി നിയമനങ്ങളും, ബിനാമി ബിസിനിസുകൾ അവസാനിപ്പിച്ചതും കമ്പ്യൂട്ടർ, ഇപേയ്‌മെന്റ് സംവിധാനങ്ങളും സ്‌പോൺസർമാർക്ക് പ്രവാസികളെ സംബന്ധിച്ചും കച്ചവടത്തെ  കുറിച്ചുമെല്ലാം കൂടുതൽ അറിവ് ലഭിക്കാൻ നിമിത്തമായി. 


ഇപ്പോൾ പേപ്പറുകൾ എല്ലാം ശരിയാക്കി കച്ചവടം ചെയ്താലും വലിയ ലാഭമൊന്നുമില്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് ടെക്സ്റ്റയിൽസ് ബിസിനസ് രംഗത്തുള്ള വിദേശികൾ പറയുന്നു. ഇഖാമ ഉൾപ്പടെ പേപ്പറുകൾ ശരിയാക്കാൻ വൻ തുകയാണ് ആവശ്യമായി വരുന്നത്. ഇങ്ങനെയുള്ള ചെലവുകൾ കഴിഞ്ഞ് ചിലപ്പോൾ ചെറിയ ശമ്പളം മാത്രമേ ഉണ്ടാകൂ. എങ്കിലും ജോലി എന്ന നിലക്ക് പിടിച്ചുനിൽക്കുകയാണ്. നാട്ടിൽ ജോലിയും വ്യവസായവും വലിയ പ്രശ്‌നമാണ് എന്നതും ഇവിടത്തെ പ്രതിസന്ധികൾക്ക് നടുവിലും ജോലിയിൽ തുടരാൻ മലയാളി പ്രവാസികളെ പ്രേരിപ്പിക്കുന്നു.

Latest News