റിയാദ്- സൗദിയിലെ ഏതാനും സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽശഹ്‌രി അറിയിച്ചു. ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. ക്രമാനുഗതമായി ചൈനീസ് ഭാഷാ പഠനം വ്യാപിപ്പിക്കാനാണ് പദ്ധതി. 1440-1441 അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ ചൈനീസ് ഭാഷാ പഠനത്തിന് നടപടികൾ സ്വീകരിച്ചിരുന്നു. ചൈനീസ് ഭാഷാ പഠന പദ്ധതിക്ക് പൊതുചട്ടക്കൂട് തയാറാക്കാൻ മേൽനോട്ട സമിതി രൂപീകരിക്കൽ, ഇതിന്റെ നടത്തിപ്പ് നിരീക്ഷിക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാപിക്കൽ ഉൾപ്പെടെ നിരവധി നടപടികൾ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
2019 സെക്കന്റ് ടേമിൽ എട്ടു ബോയ്‌സ് സെക്കണ്ടറി സ്‌കൂളുകളിൽ ചൈനീസ് ഭാഷ ഐച്ഛിക വിഷയമായി പഠിപ്പിക്കാൻ തുടങ്ങിയിരുന്നു. പരീക്ഷണാടിസ്ഥനത്തിൽ ആരംഭിച്ച ചൈനീസ് പഠനം വിദ്യാഭ്യാസ മന്ത്രാലയം നിരീക്ഷിക്കുകയും പഠിക്കുകയും ചൈനീസ് പഠനത്തിന് പ്രത്യേകം തയാറാക്കിയ കോഴ്‌സ് വിലയിരുത്തുകയും ചെയ്തിരുന്നെന്ന് ഇബ്തിസാം അൽശഹ്‌രി പറഞ്ഞു.