കിരീടാവകാശിയുടെ  പ്രഥമ വിദേശ പര്യടനം

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രഥമ വിദേശ പര്യടനം സൗദി അറേബ്യയുടെ വിദേശ നയസമീപനവും അത്യാധുനികതയിലേക്ക് രാജ്യത്തെ നയിക്കുകയെന്ന കാഴ്ചപ്പാടും വ്യക്തമാക്കുന്നതായിരുന്നു. കിരീടാവകാശിയുടെ വിദേശ പര്യടനത്തിന് സൗദി അറേബ്യ എന്തുമാത്രം പ്രാധാന്യം നൽകിയോ, അതുപോലെ തന്നെ ലോകവും അദ്ദേഹത്തിന്റെ പര്യടനത്തെ ഉറ്റുനോക്കുകയായിരുന്നു. ഈജിപ്തിൽ തുടങ്ങി ബ്രിട്ടൻ വഴി അമേരിക്കയിൽ അവസാനിക്കുന്ന ആദ്യ ഘട്ട പര്യടനം വഴി സൗദിയുടെ സുരക്ഷക്കും സൗഹൃദങ്ങൾക്കുമൊപ്പം വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, തൊഴിൽ മേഖലകളിലെ വികസനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കിരീടാവകാശി ഒപ്പുവെച്ച ഓരോ കരാറുകളും അതു സാധ്യമാക്കുന്നതാണ്. 
ഈജിപ്തിലെത്തിയ കിരീടാവകാശിക്ക് രാജോചിത വരവേൽപാണ് ലഭിച്ചത്, പ്രോട്ടോകോൾ മറികടന്ന് വിമാനത്തിന്റെ ഗോവണി വരെ ചെന്നായിരുന്നു ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി കിരീടാവകാശിയെ സ്വീകരിച്ചത്. കൂടാതെ ഈജിപ്ഷ്യൻ വ്യോമ മേഖലയിൽ പ്രവേശിച്ചതു മുതൽ കയ്‌റോ വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ ഈജിപ്ഷ്യൻ യുദ്ധവിമാനങ്ങൾ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അകമ്പടി സേവിച്ചുവെന്നതും സൗദി-ഈജിപ്ത് ബന്ധത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു. കിരീടാവകാശിയായ ശേഷം ആദ്യ വിദേശ സന്ദർശനത്തിന് ഈജിപ്തിനെ തെരഞ്ഞെടുത്തത്  ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്ര ബന്ധത്തിന്റെ ആഴവും മേഖലയിലെ പ്രശ്‌നങ്ങളിൽ സംയുക്ത ഏകോപനത്തിന്റെ അനിവാര്യതയും തെളിയിക്കുന്നതായിരുന്നു. 
മൂന്നു ദിവസത്തെ ഈജിപ്ത് സന്ദർശന വേളയിൽ ഈജിപ്തുമായി പരിസ്ഥിതി സംരക്ഷണം, നിക്ഷേപ ഫണ്ട് ഭേദഗതി അടക്കം മൂന്നു കരാറുകളിലും ഒരു ധാരണാ പത്രത്തിലുമാണ് ഒപ്പുവെച്ചത്. സൗദി- ഈജിപ്ത് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രവർത്തനക്ഷമമാക്കുന്നതിനുള്ളതാണ് ധാരണാപത്രം. സർവ മേഖലകളിലും സഹകരണം ആഗ്രഹിക്കുന്നുവെന്ന ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ ഇരു രാജ്യങ്ങളും പരസ്പരം കൈകോർത്തുകൊണ്ടുതന്നെയാവും മുന്നോട്ടുള്ള പ്രയാണമെന്നതിന്റെ സൂചന കൂടിയാണ്.
ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്‌സ് പോപ്പിന്റെ ആസ്ഥാനമായ സെന്റ് മാർക്‌സ് കോപ്റ്റിക് ഓർത്തഡോക്‌സ് കത്തീഡ്രലിലെത്തി പോപ്പ് വാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ചക്ക് തയാറായി എന്നത് സൗദിയുടെ മതേതര 
മൂല്യങ്ങളിലുള്ള അചഞ്ചലത വ്യക്തമാക്കുന്നതായി. അസ്ഹർ സർവകലാശാലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സഹായം ലഭ്യമാക്കി അതിന്റെ ഉദ്ഘാടനം നിർവഹിച്ചതിലൂടെ ലോകത്ത് എവിടെയായിരുന്നാലും വിദ്യാഭ്യാസ പരിപോഷണത്തിന്  സൗദി അറേബ്യ എന്നും ഉണ്ടാകുമെന്നതിനും തെളിവായി. ഇതിനു പുറമെ നിയോം പദ്ധതിയുമായി ബന്ധപ്പെട്ട് പത്ത് ബില്യൺ ഡോളറിന്റെ കരാറും ഒപ്പുവെച്ചുവെന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു. 
ഈജിപ്തിൽ നിന്ന് ബ്രിട്ടനിലെത്തിയ കിരീടാവകാശി ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചതോടെ സൗദിയുടെ ശാസ്ത്ര, വിദ്യാഭ്യാസ ഔന്നിത്യത്തിനാണ് നാന്ദി കുറിച്ചത്. എലിസബത്ത് രാജ്ഞിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സൗദി  ബ്രിട്ടീഷ് സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിലിന്റെ പ്രഥമ യോഗത്തിൽ പങ്കെടുത്തുകൊണ്ട് ഒപ്പുവെച്ച ധാരണാപത്രത്തിലൂടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വൈജ്ഞാനിക രംഗത്ത് വൻകുതിപ്പ് സ്വായത്തമാക്കി ഭാവി തലമുറക്ക് മുന്നിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ബൃഹത് പദ്ധതികൾക്കാണ് രൂപം നൽകിയത്. സൗദി വിദ്യാഭ്യാസ സംവിധാനം അടിമുടി പരിഷ്‌കരിക്കാൻ ഉതകുന്ന നിർദേശങ്ങളും പഠനങ്ങളും മാറ്റങ്ങളുമൊക്കെയാവും ഇനിയുണ്ടാവുക. മേഖലയിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന ഇറാന്റെ പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് ഒരുമിച്ചുനിന്ന് പ്രവർത്തിക്കുന്നതിനും ബ്രിട്ടീഷ് സന്ദർശനം വഴി കിരീടാവകാശിക്ക് സാധിച്ചു. ഇതോടൊപ്പം വാണിജ്യ രംഗത്തും വൻകിട പദ്ധതികളുടെ നടത്തിപ്പിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും കഴിഞ്ഞു. ആരോഗ്യ മേഖലയിൽ ബ്രിട്ടീഷ് കമ്പനികളുടെ 200 കോടി റിയാലിന്റെ നിക്ഷേപ സാധ്യതകളും തുറന്നു. സായുധസേനയുടെ നവീകരണം ലക്ഷ്യമിട്ട് യൂറോഫൈറ്റർ ടൈഫൂൺ ഇനത്തിൽപ്പെട്ട 48 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ സുരക്ഷാ മേഖലക്കും ശക്തി പകരും. നിലവിൽ 72 ടൈഫൂൺ വിമാനങ്ങളുമായി സൗദിയുടെ ഈ മേഖല ഭദ്രമാണ്.
ഈ മാസം 19 ന് നടക്കാനിരിക്കുന്ന അമേരിക്കൻ സന്ദർശനം ഇതിനെല്ലാമുപരിയായിരിക്കും. ഇതിൽ പ്രധാനം അമേരിക്കയുമായുള്ള ആണവ  സഹകരണ കരാറായിരിക്കും. ഏതാനും വർഷങ്ങൾക്കുള്ളിലായി 16 ആണവ റിയാക്ടറുകൾ നിർമിക്കുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. ഇതിൽ രണ്ട് ആണവ റിയാക്ടറുകൾ നിർമിക്കുന്നതിനുള്ള കരാർ ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇങ്ങനെ എല്ലാ അർത്ഥത്തിലും സൗദി അറേബ്യക്ക് വികസിതഭാവം നൽകാൻ ഉപകരിക്കുന്നതായിരുന്നു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രധമ വിദേശ പര്യടനം. അതോടൊപ്പം ലോകത്ത് വർധിച്ചു വരുന്ന മാത്സര്യങ്ങൾക്കനുസൃതമായി യുവതലമുറയെ വാർത്തെടുക്കാനുള്ള ദീർഘവീക്ഷണങ്ങൾക്കും വിദേശ പര്യടനം കരുത്തേകും.
 

Latest News