Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചുമട്ടുതൊഴിലാളികൾ ഭരണകൂടത്തിന് കീഴ്‌പ്പെടുന്ന നല്ലകാലം

ലോകത്തെങ്ങും ചുമട്ടു തൊഴിലാളികൾ കഠിനമായി പണിയെടുക്കുന്നവരാണ്. അമിതമായ ശാരീരിക അധ്വാനം ആവശ്യമുള്ള പണി. സമൂഹം എന്നും ചുമടെടുക്കുന്നവരെ കരുണയോടെ കണ്ടു. അവരെ സഹായിക്കാനായി വഴിവക്കിൽ ചുമടുതാങ്ങികളും, തണ്ണീർ പന്തലുകളും  സ്ഥാപിച്ചാണ് പൂർവ്വകാല ഭരണാധികാരികൾ അധ്വാനിക്കുന്ന വർഗത്തെ മനുഷ്യത്വത്തോടെ പരിഗണിച്ചത്. ഭരണാധികാരികളുടെ നേട്ടമായി പോലും  അത്തരം, ചുമടുതാങ്ങികളെ ചരിത്രം രേഖപ്പെടുത്തി. ആധുനിക കാലത്തെത്തിയപ്പോൾ പലസ്ഥലങ്ങളിലും ആളുകൾ ചുമട്ടു തൊഴിലാളിയെ ഭീതിയോടെ കാണാൻ തുടങ്ങി.  അധ്വാനിക്കുന്നവർ എന്ന അവസ്ഥമാറി സമൂഹത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നവരായി അവർ പരിവർത്തിക്കപ്പെട്ടു.  സാമൂഹ്യവും അല്ലാത്തതുമായ നിരവധി കാരണങ്ങൾ അതിനൊക്കെയുണ്ടാകാം. കാരണങ്ങളെന്തായാലും കേരളത്തിലെ ചുമട്ട് തൊഴിലാളിയുടെ പ്രതിഛായ അവരറിയാതെ മാറുകയായിരുന്നു. ചുമട്ടു തൊഴിലാളികളെ പേടിച്ചു സ്വന്തം സാധനങ്ങൾ പോലും കൈകാര്യം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലെത്തിയ ജനങ്ങൾ അവരെ വല്ലാതെ വെറുത്തു, ഭയപ്പെട്ടു. യൂനിയൻകാരുണ്ടാകും സൂക്ഷിക്കണം എന്ന് ആളുകൾ പരസ്പരം ഉപദേശിക്കുന്ന  അവസ്ഥപോലും വന്നെത്തി. 
ഇത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചുമട്ടുതൊഴിലാളികളുടെ അരുതായ്മകളെ  ശക്തിയായി എതിർത്തു തുടങ്ങിയത്. 
'' ചുമട്ടു തൊഴിലാളികളുടെ അരുതായ്മകൾ ഒരുട്രേഡ് യൂനിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും ഈ പ്രവണത തുടരുകയാണ്. അത് പൂർണമായും അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്..'' വലിയൊരു സാമൂഹ്യ ദുരാചാരം അവസാനിപ്പിക്കാനുള്ള നീക്കമെന്നമട്ടിലാണ് മുഖ്യമന്ത്രി തൊഴിലാളികളുടെ അരുതായ്മയായ  നോക്കു കൂലിയെ കാണുന്നത്.  നോക്കു കൂലിയെ പിണറായി വിജയൻ തള്ളിപ്പറഞ്ഞത് ഇന്നോ, ഇന്നലെയോ അല്ല എന്നതാണ് ഇക്കാര്യത്തിലെ മറ്റൊരു വസ്തുത. പതിനഞ്ച് കൊല്ലമെങ്കിലുമായികാണും അദ്ദേഹമിത് പറയാൻ തുടങ്ങീട്ട്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാരായ തൊഴിലാളികളെപ്പോലും മാറ്റിയെടുക്കാൻ അദ്ദേഹത്തിനോ പാർട്ടിക്കോ സാധിച്ചില്ല.  നോക്കു കൂലിക്കെതിരെ പിണറായി വിജയനും പാർട്ടിയും നിരന്തര പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് കൊല്ലം ജില്ലയിലെ പ്രവാസി  വ്യവസായി സി.പി.ഐക്കാരുടെ കൊടി കുത്ത് സമരം കാരണംജീവനൊടുക്കുന്നഅവസ്ഥ വന്നത്.  മറുപക്ഷത്ത് സി.പി.ഐ ആയതുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിക്കാൻ സി.പി.എമ്മിനും, മുഖ്യമന്ത്രിക്കുമൊക്കെ എളുപ്പത്തിൽ സാധിക്കുമായിരുന്നു. സ്വന്തം പാർട്ടിക്കാർ ചെയ്യുമ്പോൾ എങ്ങിനെ പ്രതികരിക്കുന്നുവെന്നതാണ് ഇത്തരം കാര്യങ്ങളിൽ ശരിയായ അളവുകോലാക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ അത്തരം ഘട്ടങ്ങളൊക്കെ കടന്നിരിക്കുന്നു. അതു കൊണ്ടാണദ്ദേഹം പിന്തുണ തേടി തൊഴിലാളി സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു നോക്കിയത്. 
മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സർക്കാരിന്റെ  തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ  പൂർണ്ണ പിന്തുണ തേടുകയായിരുന്നു അദ്ദേഹം വിളിച്ച യോഗത്തിന്റെ ലക്ഷ്യം.     സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന  പ്രവണതയുൾപ്പെടെ  അവസാനിപ്പിക്കാൻ  തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ ധാരണയായിട്ടുണ്ട്.  സംസ്ഥാനതല യോഗത്തിന്റെ  തുടർച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുന്നുമുണ്ട്.
തൊഴിലാളി സംഘടനകൾ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതുകൊണ്ട് കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നത്.   ഇത് സംബന്ധിച്ച് വ്യവസായികൾക്കും പരാതിയില്ല. എന്നാൽ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്റെ  തൊഴിൽ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീർത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഈ വിധത്തിൽ  തൊഴിലാളിസംഘടനകളുടെ അടിയന്തര യോഗം വിളിക്കാനും  പ്രത്യേക കാരണമുണ്ട്. തിരുവനന്തപുരം വെൺപാലട്ടത്ത് ഒരു നവാഗത  സംരംഭകനുണ്ടായ ദുരനുഭവമായിരുന്നു ഏറ്റവും പുതിയ പ്രകോപനം.  നിരന്തരമുണ്ടാകുന്ന സംഭവങ്ങൾ മുഖ്യമന്ത്രിയുടെ നോക്കുകൂലി വിരുദ്ധ പോരാട്ടത്തിന് ശക്തി വർദ്ധിപ്പിച്ചിരിക്കുന്നുവെന്ന് വേണം കാണാൻ. നിയമസഭയിൽ തൊഴിൽ വകുപ്പ് മന്ത്രി ടി.പി ശ്രീരാമകൃഷ്ണൻ നൽകിയ മറുപടിയിൽ പറയുന്നത് നോക്കു കൂലി കേസിൽ തൊഴിലാളികൾക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുമെന്നാണ്. 
പിണറായി വിജയനും കുറച്ചു പേരും മാത്രം വൈകിയ വേളയിൽ വിചാരിച്ചതുകൊണ്ട് മാത്രം ചുമട്ട് തൊഴിലാളി മുഷ്‌ക്ക് അവസാനിപ്പിക്കാനാവുമെന്ന് ആരും വിശ്വസിക്കുന്നില്ല. കാരണം അത്രകണ്ട്  പണിയെടുക്കാതെ ജീവിക്കാവുന്നതിന്റെ സുഖവും സൗകര്യവും അനുഭവിച്ചവരാണവർ. നോക്കുകൂലി വേണ്ടെന്നൊക്കെ അധികാരത്തിന്റെ ഔന്നത്യങ്ങളിൽനിന്ന് ഉപദേശിക്കാൻ എളുപ്പമാണ്. എത്രയോ വർഷങ്ങളായി ആളുകൾ അനധികൃതമായി വെച്ചനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഒറ്റയടിക്ക് നിർത്താൻ പറഞ്ഞാൽ അതങ്ങ് വീട്ടിൽ പറഞ്ഞാൽമതിയെന്ന് അവർ പുറമേക്ക് പറഞ്ഞില്ലെങ്കിലും, മനസ്സങ്ങിനെയായിരിക്കും. ഒരു ജോലിയും ചെയ്യാതെ ജീവിക്കാനുള്ള അവസരം നിലവിലുണ്ടെങ്കിൽ  ആളുകളിൽ ഒരു വിഭാഗം ആ തിന്മ തന്നെ തെരഞ്ഞെടുക്കും.   നേതൃശാസനകളെയൊന്നും അത്തരക്കാർ വിലവെക്കാൻ പോകുന്നില്ല. കാരണം അവരെ അങ്ങിനെയാണ് കാലങ്ങളായി പഠിപ്പിച്ചു വെച്ചിട്ടുള്ളത്. അധ്വാനിക്കുകയും ഭാരം ചുമക്കുകയും ചെയ്യുന്ന തൊഴിലാളികളായ അവർ എപ്പോഴും നന്മയുടെ പ്രതിരൂപങ്ങളായിരുന്നു.  മറുപക്ഷത്ത് അവർക്ക് ജോലി നൽകുന്നവർ കുത്തക മുതലാളി. ക്രൂരൻ. ഊണിലും ഉറക്കത്തിലും എതിർക്കപ്പെടേണ്ടയാൾ. ഇത്തരം കാഴ്ചപാട് തലമുറകളെ  പഠിപ്പിച്ചു വിട്ടവർ തന്നെ  കാലംമാറിയിരിക്കുന്നു , നിങ്ങളും മാറണമെന്നൊക്കെയുള്ള  ഉപദേശങ്ങളുമായി ചെന്നാൽ എന്തുണ്ടാകുമെന്ന് കാത്തിരുന്നു കാണാം എന്നേ പറയാൻ കഴിയൂ.  

 

Latest News