റിയാദ് - വിശുദ്ധ റമദാനിൽ ബാങ്കുകളുടെ പ്രവൃത്തി സമയം കേന്ദ്ര ബാങ്ക് അറിയിച്ചു. റമദാനിൽ രാവിലെ പത്തു മുതൽ വൈകീട്ട് നാലു വരെയായിരിക്കും ബാങ്കുകളുടെ പ്രവൃത്തി സമയം. റമദാനിൽ ബാങ്കുകൾക്കു കീഴിലെ മണി ട്രാൻസ്ഫർ സെന്ററുകളുടെ പ്രവൃത്തി സമയം ആറു മണിക്കൂറാണ്. രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചര വരെയുള്ള സമയത്ത് വഴക്കമുള്ള ആറു മണിക്കൂർ മണി ട്രാൻസ്ഫർ സെന്ററുകൾക്ക് പ്രവൃത്തി സമയമായി നിശ്ചയിക്കാവുന്നതാണ്.
റമദാൻ 27 (ഏപ്രിൽ 28) വ്യാഴാഴ്ച വൈകീട്ട് അടക്കുന്നതോടെ ബാങ്കുകളുടെ ഈദുൽ ഫിത്ർ അവധി ആരംഭിക്കും. പെരുന്നാൾ അവധി അവസാനിച്ച് ശവ്വാൽ ഏഴ് ( മെയ് എട്ട്) ഞായറാഴ്ച ബാങ്കുകൾ സാധാരണ പോലെ പ്രവർത്തനം പുനരാരംഭിക്കും. ബലി പെരുന്നാൾ അവധി ദുൽഹജ് ഏഴ് (ജൂലൈ ആറ്) ബുധനാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതു മുതൽ ആരംഭിക്കും. ബലി പെരുന്നാൾ അവധി പൂർത്തിയായി ദുൽഹജ് 14 (ജൂലൈ 13) ബുധനാഴ്ച രാവിലെ ബാങ്കുകൾ പതിവു പോലെ പ്രവർത്തനം പുനരാരംഭിക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ ഹജ് സീസൺ ദിവസങ്ങളിൽ എയർപോർട്ടിലെയും തുറമുഖത്തൈയും ഹജ് സിറ്റികളിലെയും മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും കരാതിർത്തി പോസ്റ്റുകളിലെയും ബാങ്ക് ശാഖകളും ഓഫീസുകളും വെള്ളി, ശനി ദിവസങ്ങൾ അടക്കം മുടങ്ങാതെ തുറന്ന് പ്രവർത്തിക്കും.
പെരുന്നാൾ അവധി ദിവസങ്ങളിൽ എയർപോർട്ടുകളിലെയും അതിർത്തി പോസ്റ്റുകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും നിശ്ചിത എണ്ണം ശാഖകളും മണി ട്രാൻസ്ഫർ സെന്ററുകളും ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും നിർദേശമുണ്ട്. ഇങ്ങിനെ തുറന്ന് പ്രവർത്തിപ്പിക്കുന്ന ശാഖളുടെ പേരുവിവരങ്ങളും അവയുടെ പ്രവൃത്തി സമയങ്ങളും കേന്ദ്ര ബാങ്കിനെ മുൻകൂട്ടി അറിയിക്കണമെന്നും ഇതേ കുറിച്ച് അനുയോജ്യമായ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്.