ബീജിംഗ്- രണ്ടുവര്‍ഷത്തിനുശേഷം കോവിഡ് വീണ്ടും ആശങ്ക ഉയര്‍ത്തിയിരിക്കുന്ന ചൈനയില്‍ ആറു ദിവസം കൊണ്ട് ആറായിരം കിടക്കകളുള്ള താല്‍ക്കാലി ആശുപത്രി ഒരുക്കുന്നു. കോവിഡ് പടരുന്ന ജിലിന്‍ സിറ്റിയിലാണ് ആശുപത്രി നിര്‍മാണമെന്ന് സിന്‍ഹുവ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. ജിലിനില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ആയിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച ചൈനയില്‍ 3,393 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചത്തേക്കാള്‍ ഇരട്ടിയിലധികമാണിത്. രാജ്യം രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഗുരുതരമായ വൈറസ് ബാധയെ ആണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
ജിലിന്‍ നഗരത്തിന്റെ താല്‍ക്കാലിക ആശുപത്രി നിര്‍മിക്കാന്‍ അധികൃതര്‍ രാവും പകലുംപ്രയത്‌നിക്കുകയാണ്. 6,000 കിടക്കകളുള്ള ആശുപത്രി ആറ് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയാണ് ജിലിന്‍.
രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്തി ഷാങ്ഹായിലെ സ്‌കൂളുകള്‍ അടയ്ക്കുകയും നിരവധി വടക്കുകിഴക്കന്‍ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഏകദേശം 19 പ്രവിശ്യകളിലാണ് ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജിലിന്‍ നഗരം ഭാഗികമായി അടച്ചിട്ടിരിക്കയാണ്. ജിലിന്‍ മേയറെയും ചാങ്ചുന്‍ ഹെല്‍ത്ത് കമ്മീഷന്‍ തലവനെയും ശനിയാഴ്ച ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജിലിന്‍ പ്രവിശ്യയിലെ ചെറിയ നഗരങ്ങളായ സിപ്പിംഗ്, ഡന്‍ഹുവ എന്നിവയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈന ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണങ്ങള്‍, കൂട്ട പരിശോധന എന്നിവയിലൂടെയാണ് രോഗ വ്യാപനം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അതിവേഗം വ്യാപിക്കുന്ന ഒമിക്രോണും രോഗലക്ഷണങ്ങില്ലാത്ത അവസ്ഥയും ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജിലിന്‍ നിവാസികള്‍ ആറ് റൗണ്ട് മാസ് ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയതായി പ്രാദേശിക ഉദ്യോസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 500 ലധികം കേസില്‍ ഒമിക്രോണ്‍ വകഭേദമാണ്.