ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം നേടി ഭരണം തുടരുകയാണ് ബി.ജെ.പി. കേന്ദ്രത്തിലെ എൻ.ഡി.എ ഭരണവും പെട്ടെന്നൊരു ഭീഷണിയെ നേരിടുന്നുമില്ല. എങ്കിലും ഇന്ത്യൻ രാഷ്ട്രീയമാണ്. എപ്പോഴാണ് കാറ്റ് മാറി വീശുകയെന്ന് ആർക്കും പ്രവചിക്കാനാവില്ല. 2004ൽ ഇന്ത്യ തിളങ്ങിയ ബി.ജെ.പിയുടെ അനുഭവം മുതൽ സദ്ദാം ഹുസൈൻ വികാരം വോട്ടുകളാക്കി മാറ്റാമെന്ന് കരുതി നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കിയ ഇ.കെ നായനാരുടെ അനുഭവവുമെല്ലാം മുമ്പിലുണ്ട്. ഏതാനും സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരമാണ് ബി.ജെ.പിയ്ക്ക് നേട്ടമായതെങ്കിൽ കേന്ദ്ര ഭരണത്തിനെതിരെയുള്ള വികാരം പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ കാര്യങ്ങൾ കീഴ്മേൽ മറിയും. ബി.ജെ.പിയെ പോലെ ദേശീയ തലത്തിൽ മികച്ച ശൃംഖലയുള്ള പാർട്ടിയാണ് കോൺഗ്രസ് ഇപ്പോഴും. രാജസ്ഥാനിലും കർണാടകയിലും മറ്റുമുള്ളത് പോലെ ജനപ്രിയ നേതാക്കളെ കൂടി ലഭിച്ചാൽ ഏറ്റവും പഴയ പാർട്ടിയ്ക്ക് തിരിച്ചു വരവിനുള്ള സാധ്യത ഏറെയാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് പ്രാധാന്യമേറുന്നത് ഈ സാഹചര്യത്തിലാണ്.
ബിജെപിയുടെ എൻഡിഎയ്ക്കെതിരെ പുതിയ സഖ്യം രൂപമെടുക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൾക്ക് യുപിഎ ചെയർപേഴ്സൺ അത്താഴവിരുന്നൊരുക്കിയത്. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ ഇതിലേക്ക് ക്ഷണിച്ചു. സംസ്ഥാനങ്ങളിൽ ബദ്ധ വൈരികളായ പാർട്ടി നേതാക്കളുടെ സംഗമത്തിന് ദൽഹി വേദിയാവുകയും ചെയ്തു.
ദൽഹി ജൻപഥിലെ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് അത്താഴവിരുന്ന് ഒരുക്കിയത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സോണിയാ ഗാന്ധിയുടെ നീക്കം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് വേണ്ടിയുള്ള താൽപ്പര്യങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. ഇതോടെയാണ് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉറപ്പുവരുത്തുന്നതിന് വേണ്ടി സോണിയാ ഗാന്ധി ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്ന് ഒരുക്കിയത്. എന്നാൽ കോൺഗ്രസിന്റെ യുപിഎയും ബിജെപിയുടെ എൻഡിഎയെയും തള്ളിക്കളഞ്ഞ് മറ്റൊരു ദേശീയ സഖ്യത്തിന് രൂപം നൽകാൻ സി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നീക്കങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രാദേശിക പാർട്ടികളെ അണിനിരത്തി സഖ്യത്തിന് രൂപം നൽകാനുള്ള ആലോചനകളാണ് നടക്കുന്നത്. രാജ്യത്ത് മാറിമാറി എൻഡിഎയും യുപിഎയും അധികാരത്തിലെത്തുന്നതിനെ പ്രതിരോധിക്കാൻ ബദൽ സഖ്യമെന്ന നിലയിലാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ ആശ്വാസത്തിലിരിക്കുന്ന ബിജെപിക്ക് തുടർച്ചയായി തിരിച്ചടികളാണ്. ആന്ധ്രയിൽ എൻഡിഎ സഖ്യം പൊളിഞ്ഞു. ബിഹാറിൽ സഖ്യം പൊട്ടിത്തെറിയുടെ വക്കിലാണ്. ത്രിപുരയിൽ പാർട്ടി അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം. തമിഴ്നാട്ടിൽ ജാതീയ പരാമർശത്തിൽ വെട്ടിലാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം കാഴ്ച വെച്ചത്. യു.പിയിലെയും ബിഹാറിലെയും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയുമുണ്ടായി.
ആന്ധ്രപ്രദേശിൽ ബിജെപിയുമായി സംഖ്യം വിടുകയാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ തങ്ങളുടെ രണ്ട് മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി തിരിച്ചടിച്ചത്. ഇതോടെ ആന്ധ്രയിലെ എൻഡിഎ സഖ്യം തകർന്ന മട്ടാണ്. ആന്ധ്ര പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു തെലങ്കാന. ഈ മേഖല പ്രത്യേക സംസ്ഥാനമായി രൂപീകരിക്കുമ്പോൾ ആന്ധ്രയ്ക്ക് നൽകിയ വാഗ്ദാനമായിരുന്നു പ്രത്യേക സംസ്ഥാന പദവി. ബിജെപി ഇക്കാര്യത്തിൽ തെലുങ്ക് ദേശം പാർട്ടിക്ക് ചില ഉറപ്പുകൾ നൽകിയിരുന്നു. പക്ഷേ ഇപ്പോഴും വാക്കു പാലിച്ചില്ലെന്നാണ് ടിഡിപിയുടെ ആക്ഷേപം. തുടർന്നാണ് കേന്ദ്രത്തിന് നൽകുന്ന പിന്തുണ പിൻവലിക്കാൻ ടിഡിപി തീരുമാനിച്ചത്.
ആന്ധ്രയിലേതിന് സമാനമായ സാഹചര്യമാണ് ബിഹാറിലും. നിതീഷ് കുമാറിന്റെ ജെഡിയുവിനെ ബിജെപി പാളയത്തിലെത്തിക്കുമ്പോൾ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അതിലൊന്നാണ് ബിഹാറിന് പ്രത്യേക സംസ്ഥാന പദവി. ഇക്കാര്യത്തിൽ ഇതുവരെ വാക്ക് പാലിച്ചില്ലെന്നാണ് നിതീഷ് കുമാറിന്റെ പാർട്ടിയുടെ ആരോപണം. ജെഡിയുവിനെ പിളർത്തിയാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ എൻഡിഎ പാളയത്തിൽ എത്തിച്ചിരുന്നത്. രാജസ്ഥാനിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് തിളങ്ങിയത്. ബിജെപിയുടെ ഉരുക്കുകോട്ടകളിലൊന്നാണ് രാജസ്ഥാൻ. 20 പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 12 എണ്ണം കോൺഗ്രസ് പിടിച്ചു. ആറ് ജില്ലാ പഞ്ചായത്തുകളിൽ നാലെണ്ണത്തിലും കോൺഗ്രസ് ജയിച്ചു. ആറ് മുൻസിപ്പാലിറ്റി സീറ്റുകളിൽ നാലെണ്ണം കോൺഗ്രസിന് ലഭിച്ചു. ബിജെപിക്ക് ഒരു ജില്ലാ പഞ്ചായത്തും എട്ട് പഞ്ചാത്ത് സീറ്റുകളും രണ്ട് മുൻസിപ്പൽ സീറ്റുകളുമാണ് ലഭിച്ചത്. പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഇതു രണ്ടാം തവണയാണ് ബിജെപിക്ക് തുടർച്ചയായി തിരിച്ചടി ഏൽക്കുന്നത്.
അടുത്തിടെ നടന്ന രാജസ്ഥാനിലെ പാർലമെന്റ്, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസാണ് ജയിച്ചത്. ത്രിപുരയിൽ ബിജെപി വിജയിച്ചെങ്കിലും തൊട്ടുപിന്നാലെയുണ്ടായ ആക്രമണങ്ങൾ ദേശീയ തലത്തിൽ ചർച്ചയായി. ലെനിന്റെ പ്രതിമ തകർത്തതും വിവാദമായി. ഈ പ്രശ്നങ്ങൾ തുടരവെയാണ് തമിഴ്നാട്ടിൽ പെരിയോറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടത്. കൂടാതെ ബിജെപി നേതാക്കൾ നടത്തിയ ജാതീയ പരാമർശം വിവാദമായതോടെ ദ്രാവിഡ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തു. ബിജെപിക്കെതിരേ ഒന്നിക്കണമെന്ന വികാരം ചെറുപാർട്ടികളിലെല്ലാം ഉയർന്നിട്ടുണ്ട്. ബംഗാളിലെ തൃണമൂൽ കോൺഗ്രസ്, യുപിയിലെ ബിഎസ്പി, എസ്പി എന്നീ കക്ഷികളെല്ലാം സമാന മനസ്കരാണ്. ഇതിലെല്ലാം പ്രധാനമാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ മഹാ നഗരത്തെ പിടിച്ചു കുലുക്കിയ കർഷക മാർച്ചിന്റെ ഐതിഹാസിക വിജയം. ഒരു കാലത്ത് ചുവപ്പ് ട്രേഡ് യൂനിയനുകളുടെ ഈറ്റില്ലമായിരുന്നു ടെക്സ്റ്റൈൽ മില്ലുകളുടെ തറവാടായ മുംബൈ എന്നത് പുതിയ കാലത്തെ കമ്യൂണിസ്റ്റ് നേതാക്കൾ പോലും മറന്നിട്ടുണ്ടാവാം. ഏതായാലും രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകാൻ സാധ്യതയുള്ള സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതായാണ് വാർത്ത. സി.പി.എം കർഷക സംഘടനയായ കിസാൻ സഭക്ക് ഇത്രയധികം കർഷകരെ 200 ഓളം കിലോമീറ്റർ നടത്തി സമരം വിജയിപ്പിക്കാൻ കഴിഞ്ഞത് ഗൗരവമായി കണ്ട് അടിയന്തരമായി ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കാനാണ് കോൺഗ്രസ് നേതാക്കൾക്ക് രാഹുൽ നൽകിയിരിക്കുന്ന ഉപദേശമെന്ന് റിപ്പോർട്ടിലുണ്ട്.
മഹാരാഷ്ട്രയിൽ സ്വാധീനമില്ലാതിരുന്നിട്ടും കർഷകരെ ഫലപ്രദമായി സംഘടിപ്പിച്ച് രാജ്യത്തിന് മാതൃകയായ സമരം നടത്തിയ സി.പി.എം നിലപാട് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയാണ് സ്വന്തം പാർട്ടി നേതാക്കളെ ശാസിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ വലിയ സ്വാധീനമുള്ള പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് സംഘടിപ്പിക്കേണ്ടിയിരുന്ന സമരമായിരുന്നു ഇതെന്നാണ് രാഹുൽ അഭിപ്രായപ്പെട്ടത്.
പ്രമുഖ മറാത്തി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാർട്ടി നേതൃയോഗങ്ങൾ അടിയന്തരമായി വിളിച്ചു ചേർക്കാൻ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ സമരം വിജയമായ സാഹചര്യത്തിൽ കർഷക പ്രതിഷേധമുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, യു.പി, എന്നിവിടങ്ങളിലും സമാന സമരത്തിന് സി.പി.എം ഒരുങ്ങുമെന്ന മുന്നറിയിപ്പ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. നിലവിൽ കർഷകരെ സംഘടിപ്പിച്ച് ചെറിയ രൂപത്തിലുള്ള സമരം ഇവിടങ്ങളിൽ കിസാൻ സഭ തുടങ്ങിയിട്ടുണ്ട്. ഇത് മഹാപ്രവാഹമായി മാറാതിരിക്കാനാണ് കാവിപ്പട ആഗ്രഹിക്കുന്നത്.
ചരിത്രം സൃഷ്ടിച്ച മുംബൈ ലോങ് മാർച്ചിനു ശേഷം യോഗിയുടെ യുപിയെ വിറപ്പിക്കാൻ അഖിലേന്ത്യാ കിസാൻ സഭ ഒരുങ്ങുന്നുണ്ട്. 'ചലോ ലഖ്നൗ' എന്നു പേരിട്ടിരിക്കുന്ന മാർച്ച് ഈ മാസം 15ന് യുപിയിൽ ആരംഭിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉത്തർപ്രദേശിലേക്ക് കിസാൻ സഭ കർഷക മാർച്ച് സംഘടിപ്പിക്കുന്നത്.
കർഷക സമരത്തിന് രാജ്യത്തിന്റെയാകെ പിന്തുണ വലിയ തോതിൽ ആകർഷിക്കാൻ കഴിഞ്ഞതിനാൽ ഇനി ഏത് സംസ്ഥാനത്തും കർഷകരെ സംഘടിപ്പിക്കാനും സി.പി.എമ്മിനെ സംബന്ധിച്ച് പ്രയാസമുണ്ടാകില്ലെന്നും ബി.ജെ.പി വിലയിരുത്തുന്നുണ്ട്. കേന്ദ്രത്തിൽ മോഡിയുടെ രണ്ടാമൂഴത്തിന് രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിജയം ബി.ജെ.പിയെ സംബന്ധിച്ച് അനിവാര്യമാണ്. ഇതെല്ലാം കാർഷിക പ്രാധാന്യമുള്ള സംസ്ഥാനങ്ങളുമാണ്. ത്രിപുര, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ടെലിവിഷൻ ചാനലുകളിലൂടെ ഇന്ത്യക്കാർ ശ്രവിച്ച ദിവസം മറ്റൊരു വാർത്തയുമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹോളി ആഘോഷിക്കാൻ ഇറ്റലിയിലേക്ക് പോയെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ടെന്നാണ് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ എല്ലാവരും ശ്രവിച്ചത്. അതു കൊണ്ട് കൂടിയാണ് സോണിയ ഗാന്ധിയുടെ പുതിയ നീക്കങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യം വർധിക്കുന്നത്.