ദിലീപിന്റെ ഫോണില്‍നിന്ന് മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടും

കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ച് .

കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ സൈബര്‍ വിദഗ്ധരുടെ സഹായം തേടാനാണ് ക്രൈംബ്രാഞ്ച് നീക്കം.  മുംബൈയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലെ വിദഗ്ധരുടെ സഹായത്തോടെയാണു മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പ്രതിഭാഗം മായ്ച്ചുകളഞ്ഞതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.

മായ്ച്ചുകളയുന്ന ഡേറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) പക്കലുണ്ട്. യു.എ.പി.എ കേസുകളില്‍ ഫോറന്‍സിക് അന്വേഷണം നടത്താന്‍ കേരള പോലീസ് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാറുണ്ട്.
നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നതിനു പുറമെ, പീഡനക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് നടന്‍ ദിലീപിനെതിരെ െ്രെകംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസ്.

പ്രതിഭാഗം കോടതിയില്‍ കൈമാറിയ ഫോണുകളില്‍ തിരിമറി നടത്തിയതായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയിരുന്നത്. ഫോണ്‍ ഹൈക്കോടതി റജിസ്ട്രിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതിനു ശേഷം നടത്തിയ തിരിമറികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം കോടതിക്കു കൈമാറും.

 

 

Latest News