പുതിയ നൂറ്റാണ്ടിലും  നെഹ്‌റു കുടുംബത്തെ പേടിക്കുന്നവർ 

നെഹ്‌റു കുടുംബത്തെ ഒഴിവാക്കിയാൽ മാത്രമേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂ എന്ന മട്ടിൽ നടക്കുന്ന ചർച്ച നയിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് നല്ല കോൺഗസുകാർക്കെങ്കിലും നന്നായറിയാം - ഒരു കാലത്തും കോൺഗ്രസ് രക്ഷപ്പെടരുത് എന്നാഗ്രഹിക്കുന്നവരാണവർ. ആം അദ്മി പാർട്ടി പഞ്ചാബിൽ ജയിച്ചതിനെപ്പറ്റി ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് എം. ലിജുവിന്റെ നിരീക്ഷണം ശ്രദ്ധേയമായി തോന്നിയിരുന്നു. വലിയ ബി.ജെ.പി  വിരുദ്ധതയൊന്നും ഉള്ളിൽ വഹിക്കാത്തവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നവർ എന്നതിനാൽ കോൺഗ്രസിനെ തോൽപിക്കാനായി ബി.ജെ.പി മനസ്സുള്ളവരുടെ വോട്ടും അങ്ങോട്ട് പോയിരിക്കും എന്ന ലിജുവിന്റെ ഉത്തമമായ കോൺഗ്രസ് ബോധത്തിൽ ഊന്നിയുള്ള വിലയിരുത്തലാണ് ശരി. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും എന്ന പഴയ ഇ.എം.എസ് പ്രയോഗം കോൺഗ്രസ് വിരോധം ജനിതക സമീപനമായവർക്ക് എല്ലാ കാലത്തും ചേരുന്നതാണ്. ആം ആദ്മി പാർട്ടിയുടെ ആരംഭ സുന്ദര കാലത്ത് അത് കേരളത്തിൽ ചില ഒറ്റപ്പെട്ടവരിൽ ഒതുങ്ങിപ്പോകാൻ കാരണം അന്ന് കേരളത്തിൽ വി.എസ് അച്യുതാനന്ദൻ എന്ന കേരള ഹസാരെ വാക്കു കൊണ്ടും പോരാട്ടം കൊണ്ടും കളം നിറഞ്ഞു നിന്നതിനാലായിരുന്നുവെന്ന വിലയിരുത്തലുണ്ടായിട്ടുണ്ട്. അതായിരുന്നു ശരി. അച്യുതാന്ദനുള്ളപ്പോൾ പിന്നെന്ത് കെജ്‌രിവാൾ, എന്ത് ഹസാരെ.  കേരളത്തിലിപ്പോൾ ബി.ജെ.പി  മനസ്സുകാർക്കും ഒന്നും നോക്കാതെ കണ്ണുമടച്ച് വോട്ട് ചെയ്യാവുന്ന അവസ്ഥയിലാണ് മുഖ്യ ഭരണകക്ഷി എത്തിപ്പെട്ടിട്ടുള്ളത്.  അതുകൊണ്ട് അവരെന്തിന് വോറൊന്നിനെക്കുറിച്ച് ചിന്തിക്കണം എന്ന എൽ.ഐ.സി പരസ്യ വാചകത്തിൽ പറഞ്ഞ അവസ്ഥയിലാണ് ഈ പറഞ്ഞ  വിഭാഗം വോട്ടർമാർ.   അതുകൊണ്ട് കേരളത്തിലിനിയുള്ള കാലത്തും  ഒരു തരത്തിലുള്ള ആം ആദ്മിക്കും ഒരു സാധ്യതയുമില്ല. അതിവിടെ സി.ആർ. നീലകണ്ഠനിലും എം.എൻ. കാരശ്ശേരിയിലുമൊക്കെ ഒടുങ്ങിപ്പോകും.  


ഇവിടെ നിന്നു വേണം കോൺഗ്രസിനെപ്പറ്റിയും നെഹ്‌റു കുടുംബത്തെപ്പറ്റിയുമെല്ലാമുള്ള ചിന്ത. രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ്  ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്ക കാലത്തും എതിർചേരി ഇന്നത്തെത് പോലുള്ള പ്രചാരണങ്ങൾ അഴിച്ചു വിട്ടിരുന്നു. അന്നദ്ദേഹം രാഷ്ട്രീയത്തിൽ അന്യനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കൾ എത്ര കണ്ട് വെറുത്തിരുന്നുവെന്ന് പഴയ തലമുറക്ക് നന്നായറിയാം. അവരെല്ലാം പിന്നെ പിന്നെ ശബ്ദമറ്റവരായി.   രാഹുൽ ഗാന്ധിക്കും രാജീവ് ഗാന്ധിക്കുള്ള പ്രത്യേകതകളിധികവുമുണ്ട്. ഉദ്ദേശ്യ ശുദ്ധിയുള്ളയാൾ, ആത്മാർഥത നിറഞ്ഞ വ്യക്തി, സത്യ സന്ധൻ...ഇവയെല്ലാം.  മഹാമാരിക്കാലത്തും ഏകാധിപത്യവുമായി മുഖാമുഖം നിന്ന്  രാഹുൽ ഗാന്ധിയെപ്പോലെ പോരാടുന്ന മറ്റാരുണ്ട് ഇന്ന് ഇന്ത്യയിൽ എന്ന ചോദ്യത്തിന്റെ ഉത്തരം ശൂന്യമാണ്. 


തോൽവിയും ജയവുമൊന്നും ആർക്കും പുതിയ കാര്യമല്ല. 1977 ൽ തൂത്തുവാരിപ്പോയ കോൺഗ്രസ് എത്ര വേഗമാണ് തിരിച്ചുവന്നത്. അന്നത്തേതിൽ നിന്ന് ഇന്നുള്ള വ്യത്യാസം ഇന്ന് അധികാരത്തിലുള്ളത് ആർ.എസ്.എസ് സംഘമാണ് എന്നതാണ്.   ബി.ജെ.പിയുടെ ജന പിന്തുണ ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും അവസാനമായി നടന്ന ആഘോഷിക്കപ്പെടുന്ന യു.പി തെരഞ്ഞെടുപ്പ് തന്നെയെടുക്കാം. ബി.ജെ.പിക്ക് ജനപിന്തുണ കൂടുകയല്ല, കുറയുകയായിരുന്നുവെന്നത് കാണാതിരിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോളിങ് ബൂത്തിൽ പോയവരിൽ 41.29 ശതമാനമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തവർ. 60 ശതമാനത്തിലധികം ആളുകൾ ബി.ജെ.പിയെ എതിർക്കുകയായിരുന്നു. ഏറ്റവും മോശമായ രീതിയിൽ വർഗീയതയും ജാതിയതയും കളിച്ചിട്ടും 60 ശതമാനത്തിലധികം ജനങ്ങൾ ഇപ്പോഴും അതിനൊന്നും വഴിപ്പെട്ടിട്ടില്ല എന്നാണിത് കാണിക്കുന്നത്. 2024 ലും ബി.ജെ.പി തന്നെ എന്നത് പരിവാർ പ്രചാരണമാണെങ്കിലും ഏറ്റെടുത്തവരിൽ സി.പി.എമ്മുകാർ ഉൾപ്പെടെയുണ്ട്. രാഹുൽ-പ്രിയങ്ക ജോഡിക്ക് ജനപിന്തുണയില്ലെന്ന് പരിഹസിക്കുന്ന തിരക്കിലാണിപ്പോൾ സി.പി.എമ്മിന്റെ  മൂർച്ചയുള്ള നാവുകളിലൊന്നായ സ്വരാജ് എം. നായരെപ്പോലുള്ളവർ. രാഹുൽ ഗാന്ധി ചായയും പൊറോട്ടയും കഴിക്കുന്നതിനെയും അത്തരം നടപടികൾക്ക് പത്രങ്ങൾ വലിയ പ്രസിദ്ധീകരണം കൊടുക്കുന്നതിനെയുമെല്ലാം എം. സ്വരാജ് നില മറന്ന് പരിഹസിക്കുന്നുണ്ട്.

പി.ആർ ഏജൻസികളും പത്രങ്ങളും അടിച്ചു പരത്തിയ പ്രതിഛായയുള്ളവരാണ് ഇന്നത്തെ സി.പി.എം നേതാക്കളുമെന്ന് ആർക്കാണറിയാത്തത്. രാഹുൽ ഗാന്ധി പ്രതിഛായ നിർമാണത്തിന് സർക്കാർ ഫണ്ടല്ല, ഉപയോഗിക്കുന്നതെന്ന വ്യത്യാസമെങ്കിലുമുണ്ട്.   ജനപിന്തുണയും മാധ്യമ പിന്തുണയും നെഹ്‌റു കുടുംബത്തിന്  പുത്തരിയൊന്നുമല്ല. ജവാഹർലാൽ നെഹ്‌റു മുതൽ അങ്ങനെയായിരുന്നു. നെഹ്‌റുവിന്റെ  ജനങ്ങളെ ആകർഷിക്കാനുള്ള കഴിവായിരുന്നു പരിവാറിന്റെ താത്വികാചാര്യന്മാരുടെ കാലത്ത് തന്നെ അവരെ നിഷ്പ്രഭരാക്കിയതെന്ന് ഇന്ത്യയുടെ ചരിത്രം ശ്രദ്ധിക്കുന്നവർക്കറിയാം. ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ#ാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരാണ് സ്വാതന്ത്ര്യാനന്തരം അധിക കാലവും കോൺഗ്രസിനെ  നയിച്ചത്. ഏറ്റവും അധിക കാലം സോണിയാ ഗാന്ധി. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് 13 പേർ കോൺഗ്രസിനെ നയിച്ചു. ജെ.ബി. കൃപലാനി, ബി. പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ഠണ്ടൻ, യു.എൻ. ധേബർ, എൻ. സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, ജഗ്ജീവൻ റാം, ശങ്കർ ദയാൽ ശർമ, ഡി.കെ. ബറുവ, കെ.ബി.റെഡ്ഡി, പി.വി. നരസിംഹ റാവു, സീതാറാം കേസരി എന്നിവരായിരുന്നു കോൺഗ്രസിനെ നയിച്ച നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവർ. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹത്തിനേ മോഡിയെ ചെറുക്കാനാകൂ എന്നും  രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗഹ്ലോട്ട് പറഞ്ഞുകഴിഞ്ഞു. ഇനിയുമിനിയും അത്തരം നിലപാടുള്ളവർ മുന്നോട്ട് വരുമെന്നുറപ്പ്.  പുതിയ നൂറ്റാണ്ടിലും   നെഹ്‌റു കുടംബം തലയെടുപ്പോടെ തന്നെ നിൽക്കുന്നു.  വല്ലാത്തൊരു ചരിത്ര കൗതുകം തന്നെ.  

Latest News