സിഖ് ജീവനക്കാർക്കും എയര്‍പോര്‍ട്ടുകളില്‍ കൃപാണ്‍ ധരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- സിഖ് മതക്കാരായ എയര്‍പോര്‍ട്ട്, വിമാനക്കമ്പനി ജീവനക്കാര്‍ക്ക് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും കൃപാണ്‍ (മതാചാര പ്രകാരമുള്ള കത്തി/വാള്‍) ധരിക്കാമെന്ന് വ്യോമയാന സുരക്ഷാ നിയന്ത്രണ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അറിയിച്ചു. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഖ് ജീവനക്കാര്‍ കൃപാണ്‍ ധരിക്കുന്നത് വിലക്കി മാര്‍ച്ച് നാലിന് ബിസിഎഎസ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പരമോന്ന സിഖ് മതസംഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) വിമര്‍ശനം ഉന്നയിക്കുകയും ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വായ്ത്തല ആറ് ഇഞ്ചും ആകെ ഒമ്പത് ഇഞ്ചും കവിയാത്ത നീളത്തിലുള്ള കൃപാണ്‍ സിഖ് യാത്രക്കാര്‍ക്ക് മാത്രമെ ധരിക്കാന്‍ അനുവാദമുള്ളൂ എന്നായിരുന്നു മാര്‍ച് നാലിന് ബിസിഎഎസ് ഉത്തരവ്. ഇന്ത്യയിലെ വിമാനങ്ങളില്‍ മാത്രമെ ഇത് അനുവദിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. 

ഇത് സിഖ് വിശ്വാസികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നീക്കമാണെന്ന് ചൂണ്ടിക്കാട്ടി എസ്ജിപിസി അധ്യക്ഷന്‍ ഹര്‍ജീന്ദര്‍ സിങ് ധാമി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് തിരുത്തിയത്. മാര്‍ച്ച് 12ന് ബിസിഎഎസ് പുറത്തിറക്കിയ തിരുത്തല്‍ ഉത്തരവില്‍ സിഖ് ജീവനക്കാരെ കൃപാണ്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഭാഗം നീക്കം ചെയ്തിട്ടുണ്ട്.
 

Latest News