മോഡിക്ക് അസാമാന്യ ചടുലത, രാഷ്ട്രീയമായി മികച്ച പ്രകടനം, വാഴ്ത്തുമായി ശശി തരൂര്‍

ജയ്പൂര്‍- യുപി തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അസാമാന്യ ചടുലതയും കരുത്തുമുള്ള നേതാവാണ് നരേന്ദ്ര മോഡിയെന്നും അദ്ദേഹം രാഷ്ട്രീയമായി വളരെ മികച്ച പ്രകടനമാണ് നടത്തിയതെന്നും തരൂര്‍ പറഞ്ഞു. ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വലിയ മാര്‍ജിനില്‍ മോഡി ജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ലെന്നും എന്നാല്‍ അദ്ദേഹം അത് നേടിയെന്നും തരൂര്‍ പറഞ്ഞു. ഇന്ന് ബിജെപിക്ക് ആവശ്യമായത് നല്‍കിയ ഇന്ത്യയിലെ വോട്ടര്‍മാര്‍ ഒരു നാള്‍ ബിജെപി ഞെട്ടിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

മോഡിയെ വാഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും തരൂര്‍ മറന്നില്ല. നമ്മുടെ രാജ്യത്തെ വര്‍ഗീയമായും മതപരമായും ഭിന്നിപ്പിക്കുന്ന ശക്തികളെ അദ്ദേഹം തുറന്നു വിട്ടിരിക്കുകയാണെന്നും ഇത് വിഷം പുറത്തുവിടുന്നത് പോലെയാണെന്നും തരൂര്‍ പറഞ്ഞു. യുപിയില്‍ ഇത്രവലിയ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ് വാദി പാര്‍ട്ടിയുടെ സീറ്റ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. നല്ല പ്രതിപക്ഷമാണെന്ന് അവര്‍ തെളിയിക്കും-തരൂര്‍ പറഞ്ഞു. 

ഒരു വ്യക്തിയുടെ പ്രചാരണങ്ങളുടെ പേരില്‍ മാത്രം കോണ്‍ഗ്രസിനെ പഴിക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രിയങ്കയുടെ യുപി പ്രചാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് തരൂര്‍ മറുപടി നല്‍കി. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നം വലുതാണ്. മൂന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ സാന്നിധ്യം താഴോട്ട് പോയിക്കൊണ്ടിരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ജീവനസാധ്യതയും പ്രശ്‌നത്തിലാണ്- തരൂര്‍ പറഞ്ഞു.
 

Latest News