Sorry, you need to enable JavaScript to visit this website.

നാവില്‍ കട്ടിയുള്ള രോമം; കേരളത്തില്‍ നിന്നുള്ള ഫോട്ടോ വൈറലായി

കൊച്ചി- മസ്തിഷ്‌കാഘാതത്തിനു പിന്നാലെ  നാവില്‍ കട്ടിയുള്ള കറുത്ത രോമം വളരാന്‍ തുടങ്ങിയ ചികിത്സാനുഭവം പങ്കുവെച്ച റിപ്പോര്‍ട്ടും ഫോട്ടോയും മാധ്യമങ്ങളില്‍ വൈറലായി.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജമാ ഡെര്‍മറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.  നാവ് കറുത്തതായി മാറുന്നതും അതില്‍ കട്ടിയുള്ള രോമം വളരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 50 കാരന്‍ ആശുപത്രിയിലെത്തിയത്.
തുടര്‍ന്നുള്ള പരിശോധനയില്‍ ലിംഗുവ വിലോസ നിഗ്ര അഥവാ 'കറുത്ത രോമമുള്ള നാവ്' എന്ന് വിളിക്കപ്പെടുന്ന ഒരു അസാധാരണ രോഗാവസ്ഥയാണ് അദ്ദേഹത്തിന് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഈ അവസ്ഥ സാധാരണയായി നിരുപദ്രവകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രോഗനിര്‍ണയത്തിന് മൂന്ന് മാസം മുമ്പാണ് ഇദ്ദേഹത്തിന് മസ്തിഷകാഘാതമുണ്ടായത്. ഇത് ശരീരത്തിന്റെ ഇടതുഭാഗത്തെ തളര്‍ത്തി. ഈ സമയത്ത് നന്നായി ചവക്കാനും ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് നാവിന്റെ ഉപരിതലത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചത്.
പലപ്പോഴും വായിലെ ശുചിത്വക്കുറവ്, പുകയില, ചില ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ മൂലമാണ് ഇത് സംഭവിക്കുന്നത്. മൃദുവായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ശരിയായ ശുചികരണ നടപടികളെക്കുറിച്ച് രോഗിക്കും പരിചരിക്കുന്നവര്‍ക്കും ഉപദേശം നല്‍കി 20 ദിവസത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.

 

Latest News