കോണ്‍ഗ്രസ് കേരളഘടകത്തിന്റെ ആരോപണത്തിനു മറുപടി നല്‍കാന്‍ ഫോട്ടോയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പിന്തുണച്ചത്  ബിജെപിയും ആര്‍എസ്എസുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അതേസമയം, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും കശ്മീരി നേതാവ് യാസീന്‍ മാലിക്കും കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോയുമായാണ്  ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും തിരിച്ചടിച്ചത്.
താഴ്‌വരയില്‍നിന്ന് പണ്ഡിറ്റുകളുടെ പലായനത്തിനു കാരണം ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് കോണ്‍ഗ്രസിന്റെ കേരള ഘടകമാണ് തുടര്‍ച്ചയായുള്ള ട്വീറ്റുകളില്‍ ആരോപിച്ചത്.  
കശ്മീരി പണ്ഡിറ്റുകള്‍ പലയാനം നടത്തിയിട്ടും 1989 വരെ വി.പി. സിംഗ് സര്‍ക്കാരിന്റെ ഭരണത്തെ ബി.ജെ.പി പിന്തുണച്ചുവെന്ന് ട്വീറ്റില്‍ പറഞ്ഞു.  ബി.ജെ.പിയുടെ സ്വന്തം ഗവര്‍ണര്‍ ജഗ് മോഹന്‍ കശ്മീരി പണ്ഡിറ്റുകളോട് ജമ്മുവിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും കോണ്‍ഗ്രസ്  ആരോപിച്ചു.
1989 ഡിസംബറിലാണ് ബിജെപി പിന്തുണയോടെ വി.പി.സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.  1990 ജനുവരിയിലാണ് പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയത്. ബിജെപി ഒന്നും ചെയ്തില്ലെന്നും 1990 നവംബര്‍ വരെ വി.പി സിംഗിനെ പിന്തുണച്ചുവെന്നും  കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണ കാലത്ത് കാശ്മീരി പണ്ഡിറ്റുകള്‍ക്കായി ആരംഭിച്ച സംരംഭങ്ങളുടെ പരമ്പരയും കോണ്‍ഗ്രസ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. യു.പി.എ സര്‍ക്കാര്‍ ജമ്മുവില്‍ പണ്ഡിറ്റുകള്‍ക്കായി 5,242 പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചുവെന്നും വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനും സഹായത്തിനും പുറമേ ഓരോ കുടുംബത്തിനും ഒറ്റത്തവണ സഹായമായി അഞ്ച് ലക്ഷം രൂപ അനുവദിച്ചുവെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു.  കര്‍ഷകര്‍ക്കുള്ള സഹായമായും ക്ഷേമ പദ്ധതികള്‍ക്കുമായി 1,168.4 കോടി രൂപയും ചെലവഴിച്ചു.
അതേസമയം, കോണ്‍ഗ്രസ് ചരിത്രം വളച്ചൊടിക്കുകയാണെന്ന്  ബി.ജെ.പി എം.പി അല്‍ഫോണ്‍സ് കണ്ണന്താനം ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് താഴ്‌വരയില്‍ ജീവിക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസും സഖ്യകക്ഷികളുമാണ്. പണ്ഡിറ്റുകള്‍ കൂട്ടക്കൊലചെയ്യപ്പെട്ടതോടെയാണ് നാടുവിട്ടതെന്നും ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ശേഷമാണ് സ്ഥിതി മെച്ചപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒന്നര ലക്ഷത്തിലധികം കശ്മീരി പണ്ഡിറ്റുകളെ വര്‍ഗീയ കാരണങ്ങളാല്‍ പുറത്താക്കിയത് കോണ്‍ഗ്രസോ അവരുടെ പിന്തുണയുള്ള സര്‍ക്കാരുകളോ ആണെന്ന്  അല്‍ഫോണ്‍സ് പറഞ്ഞു. ഇതിനു പിന്നാലെയാണ്   കേന്ദ്ര സര്‍ക്കാരിന്റെ  മുതിര്‍ന്ന ഉപദേഷ്ടാവ് കാഞ്ചന്‍ ഗുപ്ത വിഘടനവാദി നേതാവിനടൊപ്പമെന്ന് പറഞ്ഞ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റേയും യാസീന്‍ മാലിക്കിന്റേയും ഫോട്ടോ ട്വീറ്റ് ചെയ്തത്.
സ്വതന്ത്ര കാശ്മീര്‍ ആവശ്യപ്പെട്ട് സായുധ പ്രതിഷേധം നടത്തുന്നവരുമായാണ്  കോണ്‍ഗ്രസ് സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

 

Latest News