കൊച്ചി- ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ ഒന്നാം പ്രതിയായ ഹോട്ടലുടമയും വ്യവസായിയുമായ റോയ് വയലാറ്റ് കീഴടങ്ങി. മട്ടാഞ്ചേരിയില്‍ വെച്ചാണ് ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതോടെയാണ് കീഴടങ്ങിയത്.
കേസിലെ തന്നെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. റോയിയുടെ ഇടക്കൊച്ചിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. അതിനിടെയാണ് കീഴടങ്ങിയത്.






