കൊൽക്കത്ത- സ്വവർഗരതിക്കാരാണെന്ന് വിദ്യാർത്ഥിനികളിൽ നിർബന്ധിച്ച് എഴുതി വാങ്ങി കൊൽക്കത്തയിലെ ഒരു ഗേൾസ് സകൂൾ വിവാദത്തിലായതിനു തൊട്ടുപിറകെ സ്‌കൂളുകളിൽ ലെസ്ബിയൻസിനെ അനുവദിക്കില്ലെന്ന നിലപാടുമായി പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. 'ലെസ്ബിയനിസം സ്‌കൂളുകളിൽ അനുവദിക്കാനാവില്ല. ഇത് വ്യക്തിപരമായ കാര്യമാണെങ്കിൽ സ്‌കൂളിനു പുറത്തു മതി. വ്യക്തിപരമായ ആശയങ്ങളൊന്നും സ്‌കൂളുകൾക്കകത്ത് പ്രചരിപ്പിക്കേണ്ടതില്ല. കൗമാരക്കാർ സ്വയം ലൈംഗികതയുടെ സാധ്യതകൾ ആരായേണ്ട. ഇത് ബംഗാളി സംസ്‌കാരമല്ല,' വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി വ്യക്തമാക്കി.
കൊൽക്കത്തയിലെ കമല ഗേൾസ് സ്‌കൂളിൽ അധികൃതർ 10 വിദ്യാർത്ഥിനികളിൽ നിന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്വവർഗരതിക്കാരാണെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിയത് വിവാദമായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക് ലെസ്ബിയൻ ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഈ നടപടി. ഈ സംഭവത്തെ തുടർന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചതോടെയാണ് വിവാദമായത്. കുട്ടികളിൽ അച്ചടക്കമുണ്ടാക്കാനായിരുന്നു ഈ നടപടിയെന്നാണ് സ്‌കൂൾ അധികൃരുടെ ന്യായീകരണം. ഈ സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.






