അഗര്‍ത്തല- ത്രിപുരയില്‍ ഭര്‍ത്താവിന്റെ തലയറുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി കുടുംബ ക്ഷേത്രത്തില്‍ സൂക്ഷിച്ച സ്ത്രീ അറസ്റ്റില്‍
ത്രിപുരയിലെ ഖോവായ് ജില്ലയിലാണ് സംഭവം. 50 കാരനായ രബീന്ദ്ര തന്തിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഖോവായ് പോലീസ് സൂപ്രണ്ട് ഭാനുപദ ചക്രവര്‍ത്തി പറഞ്ഞു. അതേസമയം, അമ്മയ്ക്ക് അടുത്തിടെ മാനസിക വിഭ്രാന്തി ഉണ്ടായതായും പ്രാദേശിക മന്ത്രവാദി ചികിത്സ നടത്തിയിരുന്നതായും ദമ്പതികളുടെ മൂത്ത മകന് പറഞ്ഞു.
ജില്ലയിലെ ഇന്ദിര കോളനി ഗ്രാമത്തിലെ വസതിയില്‍ നിന്നാണ് 42 കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
അമ്മ വെജിറ്റേറിയനായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രി എല്ലാവരും ചിക്കന്‍ കഴിച്ച ശേഷമാണ് ഉറങ്ങാന്‍ പോയതെന്ന് മൂത്ത മകന് പറഞ്ഞു. രാത്രി പെട്ടെന്ന് ഉണര്‍ന്നപ്പോള്‍ പിതാവിന്റെ തലയറുത്ത അമ്മ രക്തമൊഴുകുന്ന കത്തിയുമായി നില്‍ക്കുന്നതാണ് കണ്ടത്. ശബ്ദമുണ്ടാക്കിയ പ്പോള്‍ അമ്മ തലയുമായി വീട്ടില്‍നിന്ന് പുറത്തിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്നാണ് അച്ഛന്റെ തല കുടുംബ ക്ഷേത്രത്തില്‍ കൊണ്ടുവെച്ചതെന്നും മകന് പോലീസിന് മൊഴി നല്കി.
മൃതദേഹം കണ്ടെടുത്തതായും സ്ത്രീയെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
പ്രതിയുടെ മാനസിക അസ്വാസ്ഥ്യത്തെക്കുറിച്ച് ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.






