തൃശൂർ- സംസ്ഥാനത്ത് കൗമാരക്കാരിലും കോളേജ് വിദ്യാർഥികളിലും ലഹരി വ്യാപനം വർധിച്ച് വരുന്നതിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ തൃശൂർ പെരുമ്പിലാവിൽ സംഘടിപ്പിച്ച 26-ാമത് പ്രൊഫ്‌കോൺ-പ്രൊഫഷനൽ വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ലഹരി ഉപയോഗത്തോടൊപ്പം ലഹരി കച്ചവട മാഫിയാ സംഘങ്ങളിൽ പോലും പെൺകുട്ടികൾ ഉൾപ്പെടെയുള്ള ധാരാളം വിദ്യാർഥികൾ കണ്ണികളാകുന്നുവെന്നത് സർക്കാർ അന്വേഷണ വിധേയമാക്കണം. കുട്ടികളിൽ സർഗാത്മകതയും, പൗരബോധവും വളർത്തിയെടുക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ക്യാമ്പസുകളിലെ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തണം. ഡി.ജെ പാർട്ടികൾ ക്യാമ്പസുകളിലേക്ക് കടന്ന് വരുന്നത് തടയണ മെന്നും റാഗിംഗ് നിരോധന നിയമം മറയാക്കി വ്യക്തിവിരോധം തീർക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിലെ കോളേജ് വിദ്യാഭ്യാസം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ സർക്കാറിന്റെ ശ്രദ്ധ ഉണ്ടാകണമെന്നും അതിനാവശ്യമായ പരിസരം ഒരുക്കുന്നതിൽ ബദ്ധശ്രദ്ധരാവണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. മെഡിക്കൽ, ഐ.ടി. വിദ്യാഭ്യാസ മേഖല ഗവേഷണാത്മക രീതിയിലേക്ക് പരിവർത്തിപ്പിക്കണമെന്നും മികച്ച ഗവേഷണങ്ങൾക്ക് ഉചിതമായ സൗകര്യങ്ങൾ ക്യാമ്പസുകളിൽ സജ്ജമാക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഇന്നലെ നടന്ന വിവിധ സെഷനുകളിൽ ടി.എൻ. പ്രതാപൻ എം.പി, മീഡിയ വൺ ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ, ഡോ. പി.എ. കബീർ എന്നിവർ അതിഥികളായി. ഓപൺ ഡയലോഗിൽ റഷീദ് കുട്ടമ്പൂർ, അബ്ദുൽ മാലിക് സലഫി, ഡോ. അബ്ദുല്ല ബാസിൽ സി.പി, ഡോ. ഷനൂൻ ഷറഫലി, മുജാഹിദ് ബാലുശ്ശേരി, റൈഹാൻ അബ്ദു ശഹീദ്, അസ്ഹർ ചാലിശ്ശേരി തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. ക്യാമ്പസ് ഡിബേറ്റ് സെഷന് പ്രൊഫ. ഹാരിസ് ബിൻ സലീം, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. മുബഷിർ ടി.സി, അബ്ദുറഹിമാൻ ചുങ്കത്തറ, ഷമീൽ മഞ്ചേരി എന്നിവർ നേതൃത്വം നൽകി. ഫൈസൽ മൗലവി, ഹംസ മദീനി, സി.പി. സലീം, ഇൻഷാദ് സ്വലാഹി, കെ. നൂറുദ്ദീൻ സ്വലാഹി, ഷരീഫ് കാര, അഫ്‌ലഹ് ബിൻ മുഹമ്മദ്, സി.പി. ഹിലാൽ സലീം, സഫുവാൻ ബറാമി എന്നിവർ വിഷയാവതരണം നടത്തി.
സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് നടക്കുന്ന ഗേൾസ് ഗാതറിംഗിന് വിസ്ഡം വിമൻ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. റസീല. സി, ഡോ. റുക്‌സാന, ജിനാന പർവീൻ, എം. നുബല, കെ. നാഫിയ, അലീഫ സുഹൈർ, സഫാന സലീം, ശിഫ ഹാരിസ്, സന നജീബ്, ഫൗസിയ മാടാല, ടി.കെ. ഫിൽദ എന്നിവർ നേതൃത്വം നൽകും.
ഇന്നത്തെ വിവിധ സെഷനുകളിൽ പ്രമുഖ ഖുർആൻ വിവർത്തകൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി, ഷമീർ മദീനി, സ്വാദിഖ് മദീനി, ഷാഫി സ്വബാഹി, സി. മുഹമ്മദ് അജ്മൽ, സഈദ് ചാലിശ്ശേരി, യാസിർ അൽഹികമി, ഹവാസ് സുബ്ഹാൻ തുടങ്ങിയവർ സംസാരിക്കും.
സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കെ.പി.പി.സി മുൻ ട്രഷറർ കെ.കെ. കൊച്ചു മുഹമ്മദ് മുഖ്യാതിഥിയാകും. ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തും. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീൽ, സെക്രട്ടറി ഷബീബ് മഞ്ചേരി, പ്രോഫ്‌കോൺ ജനറൽ കൺവീനർ കെ. മുനവ്വർ എന്നിവർ സംസാരിക്കും.
ചൈന ഫുജാൻ മെഡിക്കൽ യൂനിവേഴ്‌സിറ്റി, ഐ.ഐ.ടി.കൾ, എൻ.ഐ.ടി.കൾ, ജെ.എൻ.യു, ദൽഹി യൂനിവേഴ്‌സിറ്റി, ജാമിഅ: മില്ലിയ ഇസ്‌ലാമിയ്യ, രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽ നിന്നുൾപ്പെടെ പെൺകുട്ടികളടക്കം ആയിരങ്ങൾ പങ്കെടുത്തു. വിസ്ഡം ഗ്ലോബൽ ടി.വി, വിസ്ഡം സ്റ്റുഡൻസ് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങളിലൂടെ സമ്മേളനം പതിനായിരങ്ങൾ തത്സമയം വീക്ഷിച്ചു.