Sorry, you need to enable JavaScript to visit this website.

കെ.സി.വേണുഗോപാല്‍ പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നേതാവ്-ടി.സിദ്ദീഖ്

കല്‍പറ്റ-എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നേതാവാണെന്നു കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.സിദ്ദീഖ് എം.എല്‍.എ. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകകരുടേതായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചു കല്‍പറ്റയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയും വേണുഗോപാലും ഉള്‍പ്പെടെ നേതാക്കള്‍ എല്ലായിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിനാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടി പരാജയപ്പെടുമ്പോള്‍ കല്ലെറിയുകയും വിജയം ഉണ്ടാകുമ്പോള്‍ പൂമാല ഒരുക്കുകയും ചെയ്യുന്നതല്ല സംഘടനാ പ്രവര്‍ത്തനം. ഉത്തരവാദിത്തം വേണ്ടവിധം നിര്‍വഹിക്കുന്നുണ്ടോയെന്ന വീണ്ടുവിചാരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഉണ്ടാകേണ്ടത്. ഓരോ പ്രദേശത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കാതെ തെരഞ്ഞെടുപ്പില്‍ വിജയം ഉണ്ടാകില്ല. തെരഞ്ഞെടുപ്പുവിജയത്തിനു കുറുക്കുവഴികളില്ല. ഉത്തരവാദിത്തം നിറവേറ്റാതെ നേതാക്കളെ പഴി പറയുന്നതില്‍ കാര്യമില്ല. ജനവിധിക്കു അനുസൃതമായ മാറ്റം പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നു രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സാധൂകരിക്കാന്‍ സാധിക്കുന്നതല്ല കെ.സി.വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന ആരോപണങ്ങള്‍. ഇതു അടിസ്ഥാനപരമായി ശരിയല്ല. വേണുഗോപാലിനെതിരായ പ്രചാരണം ഒരു ഭാഗത്തു ബി.ജെ.പിയും മറ്റൊരു ഭഗത്തു സി.പി.എമ്മും നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ ശക്തീകരണതത്തിനു ഉതകുന്ന  മുഴുവന്‍ ഘടകങ്ങളെയും ദുര്‍ബലപ്പെടുത്തുകയെന്നത് തല്‍പര കക്ഷികളുടെ ലക്ഷ്യമാണ്. ഇതില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും വീഴാന്‍ പാടില്ല. പാര്‍ട്ടി പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനം സ്വീകരിക്കുന്നതു  ജി 23 ആയായും 21 ആയാലും സാധാരണ പ്രവര്‍ത്തകരായാലും അംഗീകരിക്കാന്‍ കഴിയില്ല. 
പ്രതിസന്ധി ഘട്ടത്തില്‍ നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമല്ല സംഘടനാപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നതിനു കാരണം രാഹുല്‍ ഗാന്ധിയോ ഗാന്ധി കുടുംബാംഗങ്ങളോ പാര്‍ട്ടിയുടെ ദേശീയ നേതൃത്വമോ അല്ല. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  നേരിട്ടത് വിഭാഗീയ-വര്‍ഗീയ ശക്തികളെയും അവരുടെ പ്രചാരണത്തെയുമാണ്. രാഹുല്‍ഗാന്ധി അഖിലേന്ത്യാ അധ്യക്ഷപദം ഏറ്റെടുത്ത് കോണ്‍ഗ്രസിനെ ധീരമായി നയിക്കണന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹം. മറ്റു രീതിയിലുള്ള താല്‍പര്യങ്ങള്‍ പാര്‍ട്ടിക്കു ഒട്ടും ഗുണകരമല്ല. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നിയക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി. അരാജകത്വവും അരാഷ്ടീയവാദവും വര്‍ഗീയതയും അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിട്ടുമില്ല. ദേശത്തിനു ഗുണകരമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അത് തല്‍കാലം പരാജയപ്പെട്ടു. ആത്യന്തിക വിജയം കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്കും സമീപനങ്ങള്‍ക്കുമായിരിക്കും. രാഹുല്‍ഗാന്ധി തീറ്റ തേടിയെത്തുന്ന ദേശാടനക്കിളിയാണെന്ന ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി.മധുവിന്റെ ആരോപണത്തോട് ആയിരക്കണക്കിനു ബി.ജെ.പിക്കാരുടെയും വോട്ട് നേടിയാണ് രാഹുല്‍ഗാന്ധി വയനാട് എം.പിയായതെന്നു സിദ്ദീഖ്  പ്രതികരിച്ചു.

Latest News