മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ചിത്രം; യുവാവ് റിമാന്റില്‍

മഞ്ചേരി-മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം കണ്ടതിനു പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എസ്. നസീറ റിമാന്റ് ചെയ്തു.  തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജു അറസ്റ്റ് ചെയ്ത ചേലേമ്പ്ര കൊളക്കാട്ടുചാലി കോലായിപുറായി ലെനിന്‍ രാജി(24)നെയാണ് റിമാന്റ്  ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചത്.  
വാട്സ്ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നുവെന്ന് സര്‍ക്കാരിന്റെ ഓപ്പറേഷന്‍ പി ഹണ്ട്-3 പ്രകാരം
മലപ്പുറം സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.  2020 ഒക്ടോബര്‍ നാലിന് യുവാവിനെ പോലീസ് തേഞ്ഞിപ്പലം  സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ്, മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല ചാറ്റിംഗ് നടത്തിയതായി കണ്ടെങ്കിലും ചിത്രങ്ങളോ വീഡിയോകളോ കണ്ടെത്താനായിരുന്നില്ല.  തുടര്‍ന്നു വിശദമായ പരിശോധനക്കായി മൊബൈല്‍ ഫോണ്‍ തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്കയച്ചു.  ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് പരിശോധനാ ഫലം വന്നത്.  ഫോണില്‍ നിന്നു ഡിലീറ്റ് ചെയ്ത അശ്ലീല വീഡിയോകളും ചിത്രങ്ങളും റിക്കവറി ചെയ്ത് ലഭിച്ചതില്‍ നിന്നു യുവാവ് കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

 

 

 

 

 

 

 

Latest News