Sorry, you need to enable JavaScript to visit this website.

റിയാദ് റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണം

റിയാദ് - റിയാദ് റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 4.40 ന് ആണ് റിഫൈനറിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ റിഫൈനറിയിൽ നേരിയ തോതിലുള്ള അഗ്നിബാധയുണ്ടായി. ഇത് ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കി. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. റിഫൈനറിയുടെ പ്രവർത്തനത്തെയോ പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണത്തെയോ ഡ്രോൺ ആക്രമണം ബാധിച്ചിട്ടുമില്ല. 
ഭീരുത്വമാർന്ന ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ആവർത്തിച്ച് നടത്തുന്ന ഇത്തരം ഭീകരാക്രമണങ്ങളിലൂടെ സൗദി അറേബ്യയെ മാത്രമല്ല ലക്ഷ്യമിടുന്നത്, മറിച്ച്, ആഗോള തലത്തിൽ ഊർജ വിതരണ സ്ഥിരതയെയും സുരക്ഷയെയും ഇതുവഴി ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രതികൂല സ്വാധീനം ചെലുത്താനുമാണ് ഉന്നംവെക്കുന്നത്. ഇത്തരം നശീകരണ, ഭീകരാക്രണങ്ങൾക്കെതിരെ ലോക രാജ്യങ്ങളും സംഘടനകളും ശക്തമായി നിലയുറപ്പിക്കുകയും ആക്രമണങ്ങൾക്ക് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും തടയുകയും വേണമെന്ന് ഊർജ മന്ത്രാലയ വൃത്തങ്ങൾ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഊർജ മന്ത്രാലയം സൂചന നൽകിയിട്ടില്ല. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ സൗദി അറേബ്യക്കു നേരെ ആവർത്തിച്ച് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
 

Latest News