റഷ്യ, യുക്രൈന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ഇസ്താംബൂള്‍- റഷ്യയുടെ യുക്രൈന്‍ അധിനിവേശം 15 ദിവസമായി തുടരുമ്പോള്‍ ആദ്യമായി ഇരു രാഷ്ട്രങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന സമാധാന ചര്‍ച്ച സ്തംഭിച്ചു. റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവും യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലെബയും തമ്മില്‍ തുര്‍ക്കിയിലാണ് കൂടിക്കാഴ്ച നടത്തിയത്. ലോകം വളരെ പ്രതീക്ഷയോടെ ഈ ചര്‍ച്ചയെ കണ്ടിരുന്നെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. വെടിനിര്‍ത്തണമെന്നും മരിയോപോളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും സുരക്ഷിത വഴിയൊരുക്കണമെന്നുമുള്ള യുക്രൈന്റെ ആവശ്യം റഷ്യ അംഗീകരിച്ചില്ലെന്ന് മന്ത്രി കുലെബ പറഞ്ഞു. എന്നാല്‍ വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ ഒരു വിഷയമായിരുന്നില്ലെന്ന് റഷ്യന്‍ മന്ത്രി ലവ്‌റോവ് പറഞ്ഞു. വെറുതെ യോഗം ചേരുന്ന പോലെയാണ് യുക്രൈന്റെ സമീപനം ലവ്‌റോവ് ആരോപിച്ചു. 

ഈ ചര്‍ച്ച സ്തംഭിച്ചെങ്കിലും യുദ്ധത്തിന് പരിഹാരം കാണാന്‍ വീണ്ടും ചര്‍ച്ച നടത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഈ ചര്‍ച്ച ബെലാറൂസില്‍ നടക്കുന്ന പ്രതിനിധിതല ചര്‍ച്ചകള്‍ക്ക് ബദല്‍ അല്ലെന്നും ലവ്‌റോവ് പറഞ്ഞു. ആണവായുധ പ്രയോഗം സംബന്ധിച്ച വാദങ്ങളെ ലവ്‌റോവ് തള്ളിക്കളഞ്ഞു. യുക്രൈനിലെ സംഘര്‍ഷം ഒരു ആണവ യുദ്ധമായി മാറുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

Latest News