Sorry, you need to enable JavaScript to visit this website.

പീപ്പിൾസ് ഫൗണ്ടേഷൻ, ബൈത്തുസ്സക്കാത്ത് വീടുകൾ കൈമാറി

പീപ്പിൾസ് ഫൗണ്ടേഷനുമായി ചേർന്ന് ബൈത്തുസ്സകാത്ത് തൃക്കരിപ്പൂർ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലായി നിർമിച്ച ആറ് വിടുകളുടെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റുമാർ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസിൽനിന്ന് ഏറ്റുവാങ്ങുന്നു.

തൃക്കരിപ്പൂർ- ധനികരുടെ വീടിനുമുന്നിൽ പാവപ്പെട്ടവൻ കൈനീട്ടി വാങ്ങേണ്ടതല്ല സകാത്തെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷനുമായി ചേർന്ന് ബൈത്തുസ്സക്കാത്ത് തൃക്കരിപ്പൂർ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലായി നിർമിച്ച ആറ് വിടുകൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാചന സകാത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതാണ്. സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരേണ്ടത് അനിവാര്യമാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്ത് വ്യവസ്ഥാപിതമായ രീതിയിൽ ശേഖരിച്ചാൽ കുറഞ്ഞത് 2000 കോടി രൂപയെങ്കിലും ലഭിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജാതി മത ചിന്തകൾക്ക് അതീതമായാണ് സകാത്ത് വിതരണം. രാജ്യത്തെ ഏകാത്മക സംസ്‌കാരത്തിലേക്ക് നയിക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ നന്മയുള്ളവർ അണിചേരണം. ഫാഷിസത്തിന്റെ തേർവാഴ്ച നടക്കുമ്പോഴും അതിനെതിരെ ചിന്തിക്കുന്നവർ വ്യത്യസ്ത ചേരികളിൽ ആയതാണ് പരാജയത്തിന് കാരണം.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.എൻ. ഹാരിസ് അധ്യക്ഷത വഹിച്ചു. പുതിയ അഞ്ച് വീടുകളുടെ പ്രഖ്യാപനം എം. രാജഗോപാലൻ എം.എൽ.എ നടത്തി.
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ 4 വീടുകളുടെ താക്കോൽ പ്രസിഡന്റ് സത്താർ വടക്കുമ്പാടും പടന്ന ഗ്രാമ പഞ്ചായത്തിലെ രണ്ടു വീടുകളുടെ താക്കോൽ പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലമും ഏറ്റുവാങ്ങി. ബൈത്തു സക്കാത്തിന്റെ എം.വി. അജിത് ചികിത്സാ സഹായം വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ടി.കെ. അഷ്‌റഫിൽ നിന്ന് ചികിത്സാ കമ്മിറ്റിയിൽ ഉള്ള തൃക്കരിപ്പൂർ പ്രസ്സ് ഫോറം പ്രസിഡന്റ് എ. മുകുന്ദൻ ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്‌ലാമി ജില്ല അസി. സെക്രട്ടറി വി.സി. മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.സി. ജാബിർ എന്നിവർ നന്ദിയും പറഞ്ഞു. ഹനാൻ സഈദ് പ്രാർഥന നടത്തി. തൃക്കരിപ്പൂർ ഹെവൻസ് പ്രീ സ്‌കൂൾ വിദ്യാർഥികൾ സ്വാഗത നൃത്തം അവതരിപ്പിച്ചു. ചെയർമാൻ പി.പി. സലാഹുദ്ദീൻ ഹാജി, സംഘാടക സമിതി ഭാരവാഹികളായ സഈദ് ഉമർ, ടി.പി. ശാഹുൽ ഹമീദ് എം.ടി.പി. മുസ്തഫ, വി.പി.കെ. അബ്ദുൽ അസീസ്, വി.പി.യു മുഹമ്മദ് കുഞ്ഞി, യു.പി. ദാവൂദ്, പി.പി. ലത്തീഫ്, വി.പി. ബഷീർ, എ.എച്ച്. ആരിഫ്, ജുവൈരിയ ടീച്ചർ, റസീനാ ഉമ്മർ, സറീനാ ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.

Latest News