ലഖനൗ-ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതരെഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് ഇനി വെല്ലുവിളിയുടെ നാളുകള്‍. തീപ്പൊരി ഹിന്ദുത്വ നേതാവായ മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വന്തം തട്ടകമായ ഗോരഖ്പൂരില്‍ ബിജെപി തോറ്റമ്പിയത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായി. ഗോരഖ്പൂര്‍ മഠത്തിന്റെ അധിപന്‍ കൂടിയായ അദ്ദേഹം അഞ്ചു തവണ ജയിച്ച് 19 വര്‍ഷം പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണ് കൈവിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 404ല്‍ 325 സീറ്റും സ്വന്തമാക്കി ബിജെപി അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് ലോക്‌സഭാ എംപിയായിരുന്ന ആദിത്യനാഥിനെ മുഖ്യമന്ത്രിയായി നിയോഗിച്ചത്. ഫുല്‍പൂര്‍ എംപിയായിരുന്ന കേശവ് പ്രസാദ് മൗര്യയെ ഉപമുഖ്യമന്ത്രിയായും നിയമിച്ചു. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇരുവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴിയാണ് മന്ത്രിമാരായത്.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും ധ്രുവീകരണ നീക്കങ്ങള്‍ക്കുമെതിരെ ബദ്ധവൈരികളായ സമാജ് വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) കൈകോര്‍ത്തതാണ് ബിജെപിക്ക് വിനയായത്. ഈ നീക്കത്തെ പുച്ഛിച്ചു തളളിയ ബിജെപി വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ താരപ്രചാരകനും തെരഞ്ഞെടുപ്പിന്റെ മുഖമായും മണ്ഡലത്തിലുടനീളം പ്രചാരണ പരിപാടികളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. പതിവില്‍നിന്നു വിപരീതമായ കേന്ദ്ര നേതാക്കളെ കാര്യമായി വിളിച്ചു വരുത്താതെ ആദിത്യനാഥ് തന്നെയാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണിതെന്ന് അദ്ദേഹം തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 2014ല്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ഇത്തവണ വിജയിക്കുകയെന്നായിരുന്നു വോട്ടെടുപ്പിനു തൊട്ടു മുമ്പ് അദ്ദേഹം പ്രവചിച്ചിരുന്നത്.
ഫലം പുറത്തുവന്നതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ കീഴ്‌മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ഇത്തരമൊരു പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തം. അവസാന നിമിഷം എസ്പിയും ബിഎസ്പിയും കൈകോര്‍ത്തത് ബിജെപി വലിയ ഭീഷണിയായി കണ്ടിരുന്നില്ലെന്നു വേണം കരുതാന്‍. സംഘ്പരിവാര്‍ അനുകൂല ദേശീയ മാധ്യമങ്ങള്‍ ഈ സഖ്യത്തെ വിലകുറച്ചു കാണുന്ന തരത്തിലുള്ള വിശകലനങ്ങളാണ് നടത്തിയിരുന്നത്. ഇത്തരമൊരു സഖ്യമുണ്ടായാലും ബിജെപിക്ക് ഇവിടെ അനായാസം ജയിക്കാന്‍ കഴിയുമെന്ന് മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളുടെ അനുഭവം മുന്‍ നിര്‍ത്തി ഇത്തരം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
തീവ്രഹിന്ദുത്വ വാദികള്‍ ഭാവി പ്രധാനമന്ത്രിയായി കാണുന്ന ആദിത്യനാഥിന് ഈ ഫലം വലിയ തിരിച്ചടിയാണ്. 45 കാരനായ ആദിത്യനാഥ് തന്റെ ഗുരുവായ മഹന്ത് അവൈദ്യനാഥിന്റെ പിന്‍ഗാമിയായാണ് ഗോരഖ്പൂര്‍ മഠം മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചു തവണ തുടര്‍ച്ചായായി അദ്ദേഹം ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗോരഖ്പൂര്‍ കേന്ദ്രീകരിച്ച് സംഘപരിവാര്‍ രാഷ്ട്രീയ രംഗത്ത് സജീവമായ ആദിത്യനാഥ് കുടത്ത വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളാണ്.