- മാക് സ്റ്റുഡിയോ
- ബജറ്റ് ഫോണായ എസ്.ഇ ഐഫോൺ 13 ന് സമാനമാകുമെന്നു കമ്പനി
ഡെസ്ക്ടോപ്പുകൾക്കായി എം 1 അൾട്രാ ചിപ്സെറ്റ് പ്രഖ്യാപിച്ച് ആപ്പിൾ കമ്പനി. പേഴ്സണൽ കംപ്യൂട്ടറുകൾക്കുള്ള ഏറ്റവും ശക്തമായ ചിപ്പാണിതെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ആദ്യ ആപ്പിൾ ഇവന്റ് നടന്നത്. കമ്പനി വിൽക്കുന്ന പ്രധാന ഉപകരണങ്ങളിലെല്ലാം പുതിയ എം1 ചിപ്പ് സെറ്റുകൾ ഉൾപ്പെടുത്തുമെന്ന് സി.ഇ.ഒ ടിം കുക്ക് അറിയിച്ചു.
കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനി ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ചുപുലർത്തുന്ന തങ്ങളുടെ ബജറ്റ് ഫോണായ പുതിയ ഐഫോൺ എസ്.ഇയും പ്രഖ്യാപിച്ചു. എ15 ബയോണിക് പ്രോസസറുമായി വരുന്ന ഈ ഫോൺ 5ജിക്ക് കൂടി അനുയോജ്യമാണ്. ചെറിയ ഫോണുകളിൽ ഐഫോൺ 13 ന് സമാനമായ അനുഭവം തന്നെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ ഡെസ്ക്ടോപ്പായ മാക് സ്റ്റുഡിയോയും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. പുറമെ മാക് മിനി പോലെ കാണപ്പെടുന്ന മാക് സ്റ്റുഡിയോയുടെ സവിശേഷത എം1 മാക്സ് പ്രൊസസറും എം1 അൾട്രാ ചിപ്പുമാണ്. മാക്പ്രോയേക്കാൾ വേഗമാണ് ഡെസ്ക്ടോപ്പിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ക്രിയേറ്റീവ് രംഗത്തെ പ്രൊഫഷണലുകളെയാണ് ആപ്പിൾ ഡെസ്ക് ടോപ്പിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഐഫോൺ എസ്.ഇക്കും മാക് സ്റ്റുഡിയോക്കും പുറമെ, എം1 പ്രോസസർ ഉൾപ്പെടുത്തിയ ഐപാഡ് എയറും കമ്പനി അവതരിപ്പിച്ചു. 5 ജിക്ക് അനുയോജ്യമായ പുതിയ ഐഫോൺ എസ്.ഇക്ക് 4.7 ഇഞ്ചാണ് ഡിസ്പ്ലേ. എ15 ബയോണിക് ഫീച്ചറുള്ള ഫോണിന് മികച്ച ബാറ്ററി ലൈഫും സ്മാർട്ട് എച്ച്.ഡി.ആർ 4 ഉം ഡീപ് ഫ്യൂഷൻ തുടങ്ങിയ പുതിയ ഫീച്ചറുകളുള്ള ക്യാമറയും സവിശേഷതയാണ്.
പുതിയ ഐഫോൺ എസ്.ഇ 64 ജി.ബി, 128 ജി.ബി, 256 ജി.ബി മോഡലുകളിലാണ് പുറത്തിറക്കിയത്. സ്റ്റാർലൈറ്റ്, ചുവപ്പ് നിറങ്ങളിൽ 43,900 രൂപ മുതലാണ് വില.
ഐഫോൺ 13 ൽ പുതിയ ഗ്രീൻ കളർ ഡിസ്പ്ലേയും അവതരിപ്പിച്ചു. എ15 ബയോണിക്, നൂതന ക്യാമറ സംവിധാനങ്ങൾ, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, 5ജി കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്ന ആൽപൈൻ ഗ്രീൻ ഐഫോൺ 13 പ്രോയും ഗ്രീൻ ഐഫോൺ 13 ഉമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേ, എം1 ചിപ്പ്, സെന്റർ സ്റ്റേജുള്ള പുതിയ അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറ, രണ്ട് മടങ്ങ് ട്രാൻസ്ഫർ വേഗമുള്ള യു.എസ്.ബി-സി പോർട്ട് എന്നിവ ഉൾപ്പെടുത്തി നവീകരിച്ചതാണ് ഐപാഡ് എയർ.
പുതിയ 8കോർ സി.പി.യു 60 ശതമാനം വരെ കൂടുതൽ വേഗം ആപ്പിൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 8 കോർ ജി.പി.യു ഐപാഡ് എയറിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് വേഗമേറിയ ഗ്രാഫിക്സ് പ്രകടനം നൽകുമെന്നും കമ്പനി പറയുന്നു. പുതിയ ഐപാഡ് പ്രോ 64ജി.ബി, 256ജി.ബി കോൺഫിഗറേഷനുകളിൽ സ്പേസ് ഗ്രേ, സ്റ്റാർലൈറ്റ്, പിങ്ക്, പർപ്പിൾ, ബ്ലൂ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഐപാഡ് എയറിന്റെ വൈഫൈ മോഡലുകൾക്ക് 54,900 രൂപയും വൈഫൈ പ്ലസ് സെല്ലുലാർ മോഡലുകൾക്ക് 68,900 രൂപയുമാണ് തുടക്ക വില.
എം 1 അൾട്രാ ചിപ്സെറ്റ് പേഴ്സണൽ കംപ്യൂട്ടറുകൾക്കുള്ള ഏറ്റവും പുതിയ ചിപ്പാണെന്ന് കമ്പനി അവകാശപ്പെടുന്നു. എം1 അൾട്രാക്ക് 114 ബില്യൺ ട്രാൻസിസ്റ്ററുകളും 20 കോർ സി.പി.യുവും 64കോർ ജി.പി.യുവുമാണ് വാഗ്ദാനം. എം1 അൾട്രായിലെ 32കോർ ന്യൂറൽ എന്ഡജിൻ സെക്കണ്ടിൽ 22 ട്രില്യൺ ഓപറേഷനുകൾ വരെ നടത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.
പരമ്പരാഗത ചിപ്പ് സെറ്റുകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ പുതിയ ചിപ്പ് സഹായിക്കുമെന്ന് ആപ്പിൾ കമ്പനി അവകാശപ്പെടുന്നു.






