ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡറുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് അമ്മ കോടതിയില്‍

ന്യൂദല്‍ഹി- ഫലസ്തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകുള്‍ ആര്യ റാമല്ലയിലെ നയതന്ത്ര കാര്യാലയത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് റോഷന്‍ ലാല്‍ ആര്യ ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. മുകുള്‍ ആര്യ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

മാര്‍ച്ച് ആറിനനാണ് മുകുള്‍ ആര്യയെ എംബസിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഹൃദയാഘാതം മൂലമാണ്  മരിച്ചതെന്ന ഫലസ്തീന്‍ നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് റോഷന്‍ ലാല്‍ ആര്യ ചോദ്യം ചെയ്യുന്നു.  യഥാര്‍ത്ഥ മരണകാരണം കണ്ടെത്തുന്നതിന് എത്രയും വേഗം രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നുള്ള ഡോക്ടര്‍മാരെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
37 കാരനായ മുകുള്‍ ആര്യ 2008ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. 2021 ഏപ്രിലില്‍ റാമല്ലയില്‍ ഇന്ത്യന്‍ അംബാസിഡറായി സേവനം ആരംഭിച്ചു. ജനുവരിയിലാണ് അദ്ദേഹം അവസാനമായി കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെത്തിയത്.

മാര്‍ച്ച് മൂന്നിന് വീഡിയോ കോള്‍ വഴി കുടുബത്തെ ബന്ധപ്പെട്ടിരുന്നു. മരണം നടന്നതായി അറിയിച്ച മാര്‍ച്ച് ആറു വരെ ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് മാതാവ് പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒന്നിലധികം നിവേദനങ്ങള്‍ നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അവര്‍ ഹരജിയില്‍ പറഞ്ഞു.

 

Latest News