പരിചയം ഫേസ്ബുക്കില്‍; വിവാഹ വാഗ്ദാനം നല്‍കി വിധവയുടെ 11 ലക്ഷം തട്ടി, പ്രതി അറസ്റ്റില്‍

ന്യൂദല്‍ഹി- ബ്രിട്ടീഷുകാരനാണെന്നും വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ച് 68 കാരി വിധവയില്‍നിന്ന്  നൈജീരിയന്‍ യുവാവ് 11 ലക്ഷം രൂപ തട്ടിയെടുത്തു.
പ്രതിയെ ദക്ഷിണ മേഖലാ സൈബര്‍ പോലീസ് ദല്‍ഹിയില്‍നിന്ന് പിടികൂടി. പീറ്റര്‍ എന്‍സെഗ്വു എന്നയാളാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് പ്രതി സ്ത്രീയെ പരിചയപ്പെട്ടത്.


ബിസിനസുകാരനാണെന്നും യു.കെ പൗരനാണെന്നും അവകാശപ്പെട്ടാണ് പ്രതി തനിക്ക് ഫ്രന്റ് റിക്വസ്റ്റ് അയച്ചതെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു.
പ്രതിക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകളും പലീസ് ചുമത്തിയിട്ടുണ്ട്.  ഹെന്‍ഡേഴ്‌സണ്‍ സെബസ്റ്റ്യന്‍ എന്ന പേരാണ് പ്രതി പ്രൊഫൈല്‍ നെയിമായി ഉപയോഗിച്ചതെന്നും മറ്റൊരാളുടെ ഫോട്ടോ ആണ് ചേര്‍ത്തിരുന്നതെന്നും പോലീസ് പറഞ്ഞു. പിന്നീട് ഇരുവരും വാട്‌സാപ്പ് നമ്പറുകള്‍ കൈമാറി.


സ്വര്‍ണവും വിദേശ കറന്‍സിയും മറ്റു സമ്മാനങ്ങളും അയച്ചതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസ് ഡ്യൂട്ടി അടക്കാത്തതിനാല്‍ സമ്മാനങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കയാണെന്നും താന്‍  ഉടന്‍ ഇന്ത്യയിലെത്തുമെന്നും പ്രതി ഉറപ്പ് നല്‍കി. ഇന്ത്യയിലെത്തി പരാതിക്കാരിയെ യു.കെയിലേക്ക് കൊണ്ടുപോകുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിശ്വാസം നേടിയ ശേഷം പാസ്ബുക്കും ഡെബിറ്റ് കാര്‍ഡും ഉള്‍പ്പെടയുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ ദല്‍ഹിയിലെ ഒരു വിലാസത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. ഇവ ഉപയോഗിച്ചാണ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്.


പിന്നീട് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ പോയപ്പോഴാണ് സ്ത്രീക്ക് തട്ടിപ്പ് ബോധ്യമായത്. സ്ത്രീയുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ പണം പിന്‍വലിച്ച വിവരം അറിഞ്ഞിരുന്നില്ല.


തുടര്‍ന്ന് പ്രതിയെ വിളിച്ച് പണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു സുഹൃത്തിന് പണം അത്യാവശ്യമായി വന്നപ്പോള്‍ പിന്‍വലിച്ചുവെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്നാണ് പോലീസിനെ സമീപിച്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

 

Latest News